X

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ചെയ്തത് കേന്ദ്രത്തില്‍ ചെയ്യാന്‍ മോദിക്ക് ധൈര്യമുണ്ടോ? രാഹുല്‍ ഗാന്ധി

ബിദര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളി. അതിന്റെ 50 ശതമാനമെങ്കിലും ലോണ്‍ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാറിന് ധൈര്യമുണ്ടോ? പ്രധാനമന്ത്രി മോദിക്ക് 56 ഇഞ്ച് നെഞ്ചുണ്ടെങ്കില്‍ ഈ വെല്ലുവിളി ഏറ്റെടുക്കണം. താങ്കള്‍ക്ക് അത് ചെയ്യാനാവില്ലെന്ന് എനിക്കറിയാം.’ ബിദറിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യത്തെ യുവാക്കളോട് കള്ളം പറഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. ‘ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ രഹസ്യധാരണ ഉള്ളതുകൊണ്ട് റഫാല്‍ വിമാനങ്ങളുടെ വില വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. ഇത് ശരിയാണോ എന്ന് ഞാന്‍ ഫ്രാന്‍സ് പ്രസിഡണ്ടിനോട് നേരിട്ടു ചോദിച്ചു. അദ്ദേഹം പറഞ്ഞത് അങ്ങനെ ഒരു രഹസ്യ കരാര്‍ ഇല്ലെന്നാണ്.’ രണ്ടു കോടി യുവാക്കള്‍ക്ക് ജോലി നല്‍കാമെന്ന് വാദ്ഗാനം ചെയ്ത മോദി ഇപ്പോള്‍ പൊള്ളയായ വാഗ്ദാനങ്ങളാണ് നടത്തുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നു വൈകീട്ട് രാഹുല്‍ ഹൈദരാബാദിലേക്കു തിരിക്കും. നാളെ ഹൈദരാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായും പൊതുജനങ്ങളുമായും സംസാരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: