യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍ രാഹുല്‍ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പൊലീസും പാര്‍ട്ടിയും സര്‍ക്കാരും ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം. 6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പൊലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലെടുത്ത കേസിലാണ് നടപടി. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുല്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാര്‍ച്ചില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.