കല്‍പ്പറ്റ: അപകീര്‍ത്തി കേസില്‍ നഷ്ടപ്പെട്ട ലോക്‌സഭാംഗത്വം സുപ്രീംകോടതി വിധിയിലൂടെ തിരിച്ചുപിടിച്ച രാഹുല്‍ഗാന്ധിക്ക് 12ന് വയനാട്ടില്‍ സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് കല്‍പ്പറ്റ പുതിയസ്റ്റാന്‍ഡ് പരിസരത്ത് എംപിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യുഡിഎഫ് ദേശീയ, സംസ്ഥാന നേതാക്കള്‍ സ്വീകരണസമ്മേളനത്തില്‍ പങ്കെടുക്കും.
എം. പി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടതിന് ശേഷം ജില്ലയിലെത്തിയ രാഹുലിനെ ആയിരക്കണക്കിന് പേരാണ് സ്വീകരിക്കാനെത്തിയത്. രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിച്ചത് വയനാട്ടിലെ ജനങ്ങളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചതെന്നും ഇതിന്റെ പ്രതിഫലനമായിരിക്കും സ്വീകരണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എല്‍.എ, വയനാട് ഡി. സി.സി പ്രസിഡന്റ് എന്‍. ഡി. അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. ഡല്‍ഹിയിലെ വീട് ഒഴിയേണ്ടിവന്നപ്പോള്‍ വയനാടാണ് എന്റെ വീടെന്ന് വികാരനിര്‍ഭരമായി പ്രതികരിച്ച നേതാവാണ് രാഹുലെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.