കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താതെ കഴിഞ്ഞ കാലത്തെക്കുറിച്ച് മാത്രം സംസാരിക്കുകയാണ് മോദി എന്ന് രാഹുല്‍ പറഞ്ഞു.
കര്‍ണാടകയിലെ ‘ജന ആശിര്‍വാദ യാത്രെ’യില്‍ യെല്‍ബുര്‍ഗയിലെ വിദ്യാനന്ദ് കോളേജ് ഗ്രൗണ്ടില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
‘പ്രധാനമന്ത്രി മോദിക്ക് ഭാവിയെപ്പറ്റി ഒരു കാഴ്ചപ്പാടുമില്ല. കര്‍ഷകര്‍ ഭേദപ്പെട്ട താങ്ങുവില ആവശ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി തിരിച്ചു ചോദിക്കുന്നത് കഴിഞ്ഞ 60 വര്‍ഷം എന്തു സംഭവിച്ചു എന്നാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം മോദി ഭൂതകാലത്തില്‍ കുടുങ്ങി നില്‍ക്കുകയാണ്. ഇതിനല്ല മോദിയെ ഇന്ത്യ പ്രധാനമന്ത്രിയാക്കിയത്.’ രാഹുല്‍ പറഞ്ഞു.
‘ജനങ്ങളോട് സത്യം പറയുന്നവരെ മാത്രമേ വിശ്വസിക്കാവൂ. തെറ്റായ വാഗ്ദാനങ്ങളും വ്യാജ പ്രതീക്ഷകളും നല്‍കുന്നവര്‍ ഒരു ഉപകാരവും ചെയ്യില്ല.’ രാഹുല്‍ പറഞ്ഞു.