വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമി സന്ദർശിച്ച് രാഹുൽ ഗാന്ധി എം.പി. ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത രാഹുൽഗാന്ധി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം, ബെയ്‌ലി പാലം കൂടി സജ്ജമായതോടെ ഇന്ന് ദുരന്തഭൂമിയിലേക്കും എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ചായിരുന്നു ചര്‍ച്ച. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു.
ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുൽ ഗാന്ധി തുടർന്ന് മുണ്ടക്കൈയിലേക്ക് എത്തുകയായിരുന്നു. ദുരന്തമുണ്ടായ ഓരോയിടവും സന്ദർശിച്ച അദ്ദേഹം സൈന്യത്തോട് രക്ഷാപ്രവർത്തനമുൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാൽ എം.പിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
‘ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ് ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണ്’, രാഹുല്‍ പറഞ്ഞു.
കേരളം ഇത്ര വലിയൊരു ദുരന്തം ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ ദുരന്തം സംബന്ധിച്ച കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച രാഹുൽ ഗാന്ധി പുനരധിവാസം ഉൾപ്പെടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്ത് ഇരകളായ കുടുംബങ്ങളെ ആശ്വസിപ്പിച്ചിരുന്നു. അതേസമയം, മുണ്ടക്കൈ ദുരന്തമേഖലയിൽ നാലാം ദിനവും രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
ദുരന്തത്തിൽ ഇതുവരെ 338 പേരാണ് മരിച്ചത്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. 200ലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് വിവരം. മരിച്ചവരിൽ 27 കുട്ടികളും ഉൾപ്പെടുന്നു.
107 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 279 പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്ന് രാവിലെ മുതൽ ആറ് ഭാഗങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്നത്തെ മൃതദേഹങ്ങളിൽ കൂടുതലും കിട്ടിയത് ചൂരൽമല സ്‌കൂൾ റോഡിൽ നിന്നാണ്. രണ്ട് മൃതദേഹങ്ങളും വിവിധ ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും കണ്ടെത്തുകയും ചെയ്തു.