ഛണ്ഡിഗഡ്: അതിര്‍ത്തിയില്‍ തടയുമെന്ന് ഭീഷണിമുഴക്കിയ ഹരിയാനയിലേക്ക് ട്രാക്ടറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് രാഹുല്‍ ഗാന്ധിയുടെ മാസ് എന്‍ട്രി. അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും പിന്‍മാറാന്‍ രാഹുല്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ ഒടുവില്‍ അതിര്‍ത്തി തുറന്ന് റാലിക്ക് അനുമതി നല്‍കി. അഞ്ച് മണിക്കൂറോ 5000 മണിക്കൂറോ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും പിന്‍മാറില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഹരിയാന സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു.
നൂറ് കണക്കിന് പൊലീസുകാരെ അണിനിരത്തിയാണ് ഹരിയാന സര്‍ക്കാര്‍ റാലി തടഞ്ഞത്. എന്നാല്‍ പിന്‍മാറില്ലെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി അതിര്‍ത്തിയില്‍ കാത്തിരുന്നു. ‘അതിര്‍ത്തി തുറന്നാല്‍ ഞാന്‍ സമാധാനപരമായി യാത്ര തുടരും. അല്ലെങ്കില്‍ സമാധാനപരമായി അതിര്‍ത്തിയില്‍ കാത്തിരിക്കും’-രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് റാലി ആരംഭിച്ചത്. ഹരിയാനയില്‍ രണ്ട് റാലികളെ രാഹുല്‍ അഭിസംബോധന ചെയ്ത് സംസാരിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക ബില്ലുകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.