X

കര്‍ണാടക തിരഞ്ഞെടുപ്പ് വിജയിച്ചത് പാവങ്ങളുടെ കൂടെ നിന്നതിനാല്‍- രാഹുല്‍ ഗാന്ധി

പാവങ്ങളുടെയും ദുര്‍ബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതെന്ന് രാഹുല്‍ ഗാന്ധി.

ഒപ്പം നിന്ന കര്‍ണാടക ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസിന്റെ വിജയ രഹസ്യത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു അദ്ദേഹം.

”കര്‍ണാടകയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടു. അനേകം സിദ്ധാന്തങ്ങള്‍ പലരും പങ്കുവച്ചു. ജയത്തിനു പിന്നില്‍ ഒറ്റ കാരണമേയുള്ളൂ. പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും വേണ്ടിയാണു കോണ്‍ഗ്രസ് പോരാടിയത്. മറ്റൊരു തരത്തില്‍ നോക്കുകയാണെങ്കില്‍, ബി.ജെ.പിക്കൊപ്പം സമ്ബന്നരും പൊലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും ഉള്‍പ്പെടെയുള്ള എല്ലാറ്റിനെയും കര്‍ണാടക ജനത തോല്‍പ്പിച്ചു. കര്‍ണാടക ജനതയെ അഭിനന്ദിക്കുന്നു.”രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തപ്പെറ്റി ഞാന്‍ ബോധവാനാണെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ”കര്‍ണാടകയില്‍ സ്‌നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയില്‍ ഞങ്ങള്‍ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ല. പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ പാസാക്കും. മധ്യവര്‍ഗത്തിന്റെ ക്ഷേമം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങള്‍ കാഴ്ചവയ്ക്കും” രാഹുല്‍ വ്യക്തമാക്കി.

webdesk14: