X
    Categories: CultureViews

ഗുജറാത്തിലേത് സത്യവും അസത്യവും തമ്മിലുള്ള യുദ്ധം: രാഹുല്‍ ഗാന്ധി

ഗുജറാത്തില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പ് സത്യത്തിനും അസത്യത്തിനുമിടയിലുള്ള പോരാട്ടമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. സത്യം പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പമാണെന്നും ബി.ജെ.പിക്ക് മഹാഭാരതത്തിലെ കൗരവരെ പോലെ വലിയ സൈന്യമുണ്ടെങ്കിലും ജയിക്കാന്‍ കഴിയില്ലെന്നും ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ പ്രചരണം നടത്തവെ രാഹുല്‍ പറഞ്ഞു.

‘ഇത് സത്യവും അസത്യവും തമ്മിലുള്ള പോരാട്ടമാണ്. കൗരവര്‍ക്ക് വലിയ സൈന്യവും ആയുധങ്ങളുമെല്ലാമുണ്ടായിരുന്നു. പാണ്ഡവര്‍ക്കാകട്ടെ സത്യമല്ലാതെ മറ്റൊന്നും കൂടെയുണ്ടായിരുന്നില്ല. നമ്മുടെ കൈയില്‍ സത്യം മാത്രമേയുള്ളൂ, മറ്റൊന്നുമില്ല. നരേന്ദ്ര മോദിയുടെ കൈവശം ഗവണ്‍മെന്റും പൊലീസും സൈന്യവും ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും ഛത്തിസ്ഗഡിലേക്കും സര്‍ക്കാറുകളുമുണ്ട്…’ രാഹുല്‍ പറഞ്ഞു.

ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരം ഉണ്ടാക്കുമെന്ന് പ്ര്യഖ്യാപിച്ചിരുന്ന മോദി അതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും തൊഴില്‍ രഹിതരായ യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി ഗുജറാത്തിലെ ആറു കോടി ജനങ്ങളോട് പറയുന്നതും മൂന്നോ നാലു കോടീശ്വരന്മാരായ സുഹൃത്തുക്കളോട് പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഗുജറാത്തിന്റെ സത്യവും ബി.ജെ.പിയുടെ സത്യവും തമ്മില്‍ ഒരു ബന്ധവുമില്ല. ബി.ജെ.പി സര്‍ക്കാറിന്റെ നയങ്ങളില്‍ കര്‍ഷകരും ആദിവാസികളും ദളിതുകളും മറ്റ് വിഭാഗങ്ങളും കനത്ത പ്രതിഷേധത്തിലാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്‍.ടി.പി.സി പവര്‍ പ്ലാന്റ് പൊട്ടിത്തെറിച്ച് ദുരന്തമുണ്ടായ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ നിന്ന് മടങ്ങിയെത്തിയാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടര്‍ന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: