ന്യൂഡല്‍ഹി: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഒരു മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതിനുശേഷം രാഹുലിനെ പൊലീസ് വിട്ടയക്കുകയും ചെയ്തു.
ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ ബന്ധുക്കളെ സന്ദര്‍ഷിക്കാന്‍ പോയതായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ വഴിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തടഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസുമായുണ്ടായ വാക്കുതര്‍ക്കമാണ് കസ്റ്റഡിയിലേക്ക് എത്തിച്ചത്.
ഹരിയാനയിലെ ഭിവാനി സ്വദേശിയായ വിമുക്തഭടന്‍ സുബേദാര്‍ രാംകിഷന്‍ ഗ്രേവലാണ് വീട്ടില്‍ വിഷം കഴിച്ച് മരിച്ചത്. വിമുക്തഭടന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഡല്‍ഹിയിലെറാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആസ്പത്രിയില്‍ രാഹുല്‍ ഗാന്ധി എത്തിയത്. എന്നാല്‍ ആസ്പത്രിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ പൊലീസ് ആസ്പത്രി ഗെയിറ്റ് അടയ്ക്കുകയായിരുന്നു.
എന്ത് കൊണ്ടാണ് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുവാദിക്കാത്തതെന്നും ഇതാണോ പുതിയ ഇന്ത്യയെന്നും ആസ്പത്രിയുടെ പുറത്തുണ്ടായിരുന്ന പൊലീസിനോട് രാഹുല്‍ ഗാന്ധി ചോദിച്ചു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ഏറെനേരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ബലമായി അകത്തു കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്ത് 70 മിനുറ്റുകള്‍ക്കു ശേഷം വിട്ടയിക്കുകയായിരുന്നു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ ഏര്‍പ്പെടുത്താത്തിനെ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്നിരുന്ന രാം കിഷന്‍ ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ കടുത്ത ഒരു ചുവട് ആവശ്യമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ മനസ്ഥിതി നിമിത്തമാണ് തനിക്ക് വിമുക്ത ഭടന്റെ കുടുംബാംഗങ്ങളെ കാണാന്‍ സാധിക്കാതിരുന്നതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണുമെന്നും വിമുക്ത ഭടന്‍മാരുടെ ആവശ്യമനുസരിച്ച് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നു അദ്ദേഹം പ്രതികരിച്ചു.
വിമുക്ത ഭടന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ ശ്രമിച്ച ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയേയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി പൊലീസിലെ അഴിമതി വിരുദ്ധ സേനാ തലവന്‍ എം.കെ. മീണ വ്യക്തമാക്കി. ഡ്യൂട്ടി തടസപ്പെടുത്തുക എന്നതല്ല ജനാധിപത്യത്തിന്റെ അര്‍ഥം. ശക്തി പ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണ് ഇവരെ അകത്തുകടക്കാന്‍ അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.