ന്യൂഡല്‍ഹി; മഹാത്മാഗാന്ധിക്കെതിരായ ഹരിയാനാ മന്ത്രി അനില്‍ വിജിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മാത്രമല്ല, ഹിറ്റ്‌ലറും മുസ്സോളനിയുമെല്ലാം ശക്തമായ ബ്രാന്‍ഡുകള്‍ ആയിരുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട വിജിന്റെ വിവാദ പരാമര്‍ശം സംബന്ധിച്ച വീഡിയോയുടെ ലിങ്ക് സഹിതം നല്‍കി ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഗാന്ധിജിയേക്കാള്‍ നല്ല ബ്രാന്‍ഡ് മോദിയാണെന്നായിരുന്നു വിജിന്റെ പരാമര്‍ശം. എന്നാല്‍ രാഹുലിന്റെ പ്രതികരണം വന്ന് മിനുട്ടുകള്‍ക്കകം വിജ് വിവാദ പരാമര്‍ശം പിന്‍വലിച്ചു.
ബ്രിട്ടീഷുകാര്‍ ചെയ്തത് എന്താണോ, അതു തന്നെയാണ് ബി.ജെ.പിയും ചെയ്യുന്നതെന്നായിരുന്നു വിവാദ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജുവാലായുടെ പ്രതികരണം. മഹാത്മാഗാന്ധി ഇന്ത്യയുടെ ആത്മാവാണ്. വിവേകരഹിതമായ ഇത്തരം പരാര്‍ശങ്ങള്‍ ഒരു കൂട്ടരില്‍നിന്നു മാത്രമേ പ്രതീക്ഷിക്കാവൂ, അത് ബി.ജെ.പി നേതാക്കളില്‍ന്നും മന്ത്രിമാരില്‍നിന്നുമാണ്- സര്‍ജുവാല കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ കുരുത്തംകെട്ട സന്തതിയാണ് വിവാദ പരാമര്‍ശം നടത്തിയ ഹരിയാനാ മന്ത്രി അനില്‍ വിജ് എന്നായിരുന്നു ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം.