ന്യുഡല്‍ഹി: വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ യോജിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു. വെറുപ്പിനെ വെറുപ്പുകൊണ്ടല്ല നേരിടുകയെന്നും രാഹുല്‍ വ്യക്തിമാക്കി. മോദിയെയും ബി.ജെ.പിയേയും ശക്തമായി വിമര്‍ശിച്ച രാഹുല്‍ ജനാധിപത്യ മൂല്യങ്ങളെ നിശബ്ദമാക്കാന്‍ അനുവദിക്കില്ല എന്നും ഓര്‍മ്മപ്പെടുത്തി.
ബിജെപി വളര്‍ത്തുന്ന ശത്രു രാഷ്ട്രീയം കോണ്‍ഗ്രസിനെ ശക്തരാക്കുന്നു. ബിജെപി ഹിംസ പടര്‍ത്താന്‍ ശ്രമിക്കുന്നു. ബിജെപിയെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ ദൌത്യം. സ്‌നേഹം മാത്രമുള്ള ഇന്ത്യയെ പടുത്തുയര്‍ത്താം. കോണ്‍ഗ്രസ് രാജ്യത്തെ മുന്നോട്ട് നയിച്ചപ്പോള്‍ നിലവിലെ പ്രധാനമന്ത്രി രാജ്യത്തെ പിന്നോട്ട് കൊണ്ടുപോയി. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങള്‍ മര്‍ദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇന്ത്യയിലെ യുവാക്കളുടെ ശബ്ദം കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി.
ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്‌പോള്‍ നമ്മള്‍ യോജിപ്പിക്കും.അവര്‍ തീകൊളുത്തുന്‌പോള്‍ നമ്മള്‍ തീയണക്കും. 13 വര്‍ഷം മുന്പാണ് രാഷ്ട്രീയത്തിലേക്കെത്തുന്നത്.രാജ്യത്തിലെ ജനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് രാഷ്ട്രീയത്തിലെക്കെത്തിയത്. രാഷ്ട്രീയം ജനങ്ങള്‍ക്കുള്ളതാണ്. ജനങ്ങളെ അടിച്ചമര്‍ത്താനാണ് ഇന്ന് രാഷ്ട്രീയം ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്നവര്‍ പാവങ്ങളെ അടിച്ചമര്‍ത്തുന്നവരാണ്. ജനാധിപത്യ മൂല്യങ്ങളെ നിശബ്ദമാക്കാന്‍ അനുവദിക്കില്ല.
നമുക്ക് നഷ്ടമായ ഇന്ത്യയുടെ ആ മഹദ് കാലഘട്ടത്തെ വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാനാണ് എന്റെ ആഗ്രഹം. അതിനാണ് എന്റെ ശ്രമം. ബിജെപി രാജ്യത്തെ നശിപ്പിക്കുകയും പച്ചക്കള്ളത്താല്‍ നിറയ്ക്കുകയും ചെയ്യുന്നു. വിയോജിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും സാധാരണ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു.
ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോണ്‍ഗ്രസാണെങ്കില്‍, അതേ ഇന്ത്യയെ മധ്യ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും. ഇന്നത്തെ രാഷ്ട്രീയക്രമം നമ്മില്‍ പലര്‍ക്കും ദഹിക്കുന്ന ഒന്നല്ല. സത്യവും ദയയും ഇന്നത്തെ രാഷ്ട്രീയ ലോകത്ത് കണികാണാന്‍ കിട്ടില്ല. ഷ്ട്രീയമെന്നത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെങ്കിലും ഇന്ന് രാഷ്ട്രീയ അധികാരം ജനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നില്ല. അത് ജനങ്ങളുടെ ഉയര്‍ച്ചയ്ക്കായല്ല, അവരെ ഞെരിച്ചമര്‍ത്തുന്നതിനാണ് വിനിയോഗിക്കുന്നത്.
സ്ഥാനമൊഴിയുന്ന സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിഹ് ആശംസയര്‍പ്പിച്ചു. സോണിയാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.
രാഹുല്‍ ഗാന്ധി അധ്യക്ഷനായതോടെ പുതിയ കാലത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. തോല്‍വികളില്‍ നിന്ന് ശക്തമായി കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീതിയുടെ രാഷ്ട്രീയത്തില്‍ നിന്ന് പ്രതീക്ഷയുടെ രാഷട്രീയത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ രാഹുലിനാകുമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
പുതിയ അധ്യക്ഷനെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ഒരുക്കിയത്്. രാഹുലിന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി കനത്ത സുരക്ഷയും എഐസിസി ആസ്ഥാനത്ത് ഒരുക്കിയിരുന്നു.