X
    Categories: MoreViews

ബിജെപിയുടെ നേട്ടം അഴിമതിയിലെ റെക്കാര്‍ഡെന്ന് രാഹുല്‍

ബംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാര്‍ അഴിമതി രഹിത ഭരണം നടത്തുമ്പോള്‍ അഴിമതിയില്‍ റെക്കാര്‍ഡ് സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതി ഒന്നിനു പിന്നാലെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ പോലും അഴിമതിയ്ക്ക് കുറവില്ല. ഒന്നല്ല, ഒട്ടേറെയാണ് അഴിമതികളെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ ബിജെപി സര്‍ക്കാരില്‍ മൂന്ന് മുഖ്യമന്ത്രിമാരുണ്ടായിരുന്നു. നാല് മന്ത്രിമാര്‍ ജയിലിലേക്ക് പോയി. ഒരാള്‍ രാജിെവച്ചൊഴിഞ്ഞു. പ്രചാരണത്തിനായി മോദി ഇവിടെ എത്തണം. അഴിമതിയെക്കുറിച്ച് പറയാന്‍ ധൈര്യം കാട്ടണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

അഴിമതി കാട്ടിയതില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ റെക്കാര്‍ഡ് സ്ഥാപിച്ചാണ് ഭരണം ഒഴിഞ്ഞത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരെ അഴിമതി ആരോപണം പോലുമില്ല. മറിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥിതി മറ്റൊന്നാണ്. സിദ്ധരാമയ്യ സര്‍ക്കാരിന് പിന്തുണ നല്‍കണമെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാരിന് ഭരണതുടര്‍ച്ച ആവശ്യമാണ്. കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഭരണതുടര്‍ച്ച കൂടിയേ തീരൂ. രാഹുലിന്റെ യാത്രയില്‍ ദേശീയ നേതാക്കളും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദി പരമേശ്വര അടക്കമുള്ള സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ബസിലാണ് യാത്രയെങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളില്‍ കാല്‍നടയായും അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചാണ് രാഹുല്‍ ഓരോ വേദിയും പിന്നിട്ട് മുന്നോട്ട് നീങ്ങുന്നത്. കര്‍ണാകടയിലെ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. ഇതു തന്നെയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. ഗബ്ബാര്‍ സിങ് ടാക്‌സ് ഏര്‍പ്പെടുത്തി വ്യവസായ മേഖലയുടെ നട്ടെല്ല് തകര്‍ത്തതാണ് മോദിയുടെ പ്രധാന നേട്ടമെന്നും രാഹുല്‍ ആരോപിച്ചു.

chandrika: