ഡല്‍ഹി: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ലക്ഷദ്വീപില്‍ കേന്ദ്രം നിയമിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരേ ദ്വീപുനിവാസികള്‍ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടയിലാണ് പിന്തുണയുമായി രാഹുലും എത്തിയിരിക്കുന്നത്.
‘സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുളള അജ്ഞരായ വര്‍ഗീയവാദികള്‍ അതിനെ നശിപ്പിക്കുകയാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ‘ രാഹുല്‍ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കാര നടപടികള്‍ക്കെതിരേയാണ് ദ്വീപില്‍ പ്രതിഷേധം പുകയുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന അധ്യാപകരെ പിരിച്ചുവിടുക, വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍നിന്ന് മാംസം ഒഴിവാക്കുക, ഡെയറി ഫാമുകള്‍ പൂട്ടുക തുടങ്ങിയ നടപടികള്‍ക്കെതിരേയാണ് പ്രതിഷേധം.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ കെ. പട്ടേല്‍ 2020 ഡിസംബറിലാണ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്. പദവിയേറ്റതുമുതല്‍ പട്ടേലിന്റെ തീരുമാനങ്ങള്‍ വിവാദമായി. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തിരുന്ന 200 ഹൈസ്‌കൂള്‍ അധ്യാപകരെ പിരിച്ചുവിട്ടു. ഇതിനെതിരേ സമരം നടത്തിയ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തി. പ്രതികരിച്ച കെ.എസ്.യു.വിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. പിന്നീട് ദ്വീപിലെ വാര്‍ത്താപോര്‍ട്ടല്‍ വിലക്കി.
ഗുണ്ടാ നിയമം നടപ്പാക്കി. ഓരോ ദ്വീപിലുമുള്ള സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാരെ പിരിച്ചുവിടുകയും ദ്വീപിലെ ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. ടൂറിസം വകുപ്പില്‍നിന്ന് 190 പേരെ പിരിച്ചുവിട്ടു. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് അഡ്മിനിസ്‌ട്രേറ്ററുടെ വരുതിയിലാക്കി. തീരസംരക്ഷണ നിയമത്തിന്റെ പേരുപറഞ്ഞ്, കടലോരങ്ങളിലെ മീന്‍പിടിത്തക്കാരുടെ ഉപകരണങ്ങളും വലയും ഷെഡ്ഡുകളും നീക്കി. മൃഗസംരക്ഷണവകുപ്പ് നടത്തിയിരുന്ന രണ്ട് ഡെയറിഫാമുകള്‍ നഷ്ടത്തിലാണെന്നു പറഞ്ഞ് പൂട്ടി. കന്നുകാലികളെ കിലോയ്ക്ക് 250 രൂപ നിരക്കില്‍ ലേലംചെയ്ത് വില്‍ക്കാനാണ് ഉത്തരവ്.