X

യു.എന്‍ പ്രസംഗം; സുഷമാസ്വരാജിന് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: യു.എന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് നടത്തിയ പ്രസംഗത്തിന് നന്ദി അറിയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് സുഷമാസ്വരാജ് പ്രസംഗിച്ചതിലൂടെ കോണ്‍ഗ്രസ്സിനെ അംഗീകരിക്കുകയാണ് സുഷമാസ്വരാജ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരാമര്‍ശം. പാക്കിസ്താനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സുഷമാസ്വരാജ് നടത്തിയത്.

ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ പാക്കിസ്താന്‍ ഭീകരവാദം സൃഷ്ടിക്കുകയായിരുന്നുവെന്ന് സുഷമാസ്വരാജ് പറഞ്ഞിരുന്നു. വിവിധ മേഖലകളിലെ വിദഗ്ധന്‍മാരെ ഇന്ത്യ ലോകത്തിന് നല്‍കിയപ്പോള്‍ പാക്കിസ്താന്‍ രൂപം നല്‍കിയത് ലഷ്‌കറെ ത്വയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളെയാണ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരെ യുദ്ധം ചെയ്യുമ്പോള്‍ പാക്കിസ്താന്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്നുമായിരുന്നു സുഷമാസ്വരാജിന്റെ പരാമര്‍ശം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്താണ് ഇന്ത്യയില്‍ ആദ്യമായി ഐ.ഐ.ടിയും ഐ.ഐ.എമ്മും സ്ഥാപിതമാകുന്നത്. സുഷമാ സ്വരാജിന്റെ ഈ പ്രസംഗത്തിലൂടെ കോണ്‍ഗ്രസ്സ് ഭരണത്തെ അംഗീകരിക്കുകയാണ് അവര്‍ ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിന് നന്ദിയുണ്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

chandrika: