കായൽപട്ടണം : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത സുപ്രീകോടതി ഇടപെടൽ ഭരണഘടനയിൽ വിശ്വാസം അർപ്പിച്ചവർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. തമിഴ്നാട്ടിലെ കായൽപട്ടണത്ത് നടന്ന മുസ്‌ലിം ലീഗ് പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2024 ൽ നടക്കാനിക്കുന്ന ലോക് സഭാ തെരഞ്ഞടുപ്പിൽ ഭരണനേട്ടങ്ങൾ അവകാശപ്പെടാൻ ഇല്ലാത്തത് കൊണ്ടാണ് വിഭാഗീയതയും വിദ്വേഷവും വളർത്താൻ രാജ്യം ഭരിക്കുന്ന ബി ജെ പി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഏക സിവിൽകോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതും മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർഗ്ഗീയ കലാപങ്ങൾക്ക് തിരി കൊളുത്തുന്നതും ഇതിൻ്റെ ഭാഗമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗ് തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.എം മുഹമ്മദ് അബൂബക്കർ (എക്സ് എം.എൽ.എ) സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കായൽപട്ടണം സിറ്റി മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ് നൂഹ് അദ്ധ്യക്ഷത വഹിച്ചു. ഡി.എം.കെ നേതാവ് അഡ്വ.അരുൾമൊഴി, തമിഴ് മെയ്യം സെന്റർ ചെയർമാൻ ഫാദർ ജഗത് കാസ്പാർ രാജ്, മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സെക്രട്ടറി അഡ്വ. കാര്യറ നസീർ, എസ്.എ ഇബ്രാഹിം മക്കി, മുസ്ലിംലീഗ് തൂത്തുക്കുടി ജില്ലാ പ്രസിഡന്റ് മീരാസ മരയ്ക്കാർ വാവു എം.എം ഷംസുദ്ദീൻ, വി എം ടി മുഹമ്മദ് ഹസൻ, എസ് കെ സാലിഹ്, അബ്ദുൽ ആസാബ് പ്രസംഗിച്ചു. എ.എൽ.എസ് അബു സാലിഹ് സ്വാഗതവും എൻ. ഡി. മുഹമ്മദ് ഇസ്മായിൽ ബുഖാരി നന്ദിയും പറഞ്ഞു.