പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ നടത്തിയ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കി. രാഹുല്‍ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗം ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലര്‍ ഹിംസയിലും വിദ്വേഷത്തിലും ഏര്‍പ്പെടുന്നുവെന്നായിരുന്നു ഭരണപക്ഷത്തിനെതിരായ രാഹുലിന്‍റെ വിമര്‍ശനം.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദു മതമെന്ന് പറഞ്ഞ രാഹുല്‍ ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളേയും പ്രതിനിധീകരിക്കുന്നില്ലെന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രാഹുലിന്‍റെ ആദ്യ പ്രസംഗത്തിന് ദേശീയ തലത്തില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്.
അതേസമയം, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്‍റെ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നല്‍കും. രാഹുലിന്‍റെ പ്രസംഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം എന്തെന്നും ഇന്നറിയാം. വൈകീട്ട് നാല് മണിക്കാണ് പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്ത നടപടിയില്‍ രാഹുലിന് പിന്തുണയുമായി അഖിലേഷ് യാദവ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അഗ്‌നിവീര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങി രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും സജീവമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.