ന്യൂഡല്‍ഹി: മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. സ്വകാര്യ കമ്പനികളില്‍നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങി പൊതുഖജനാവ് ധൂര്‍ത്തടിച്ചത് എന്തിനെന്നായിരുന്നു രാഹുലിന്റെ ഇന്നലത്തെ ചോദ്യം. ഒരു ചോദ്യം ഒരു ദിനം എന്ന തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ട്വിറ്റര്‍ വഴി രാഹുല്‍ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.
ക്യാമ്പയിന്റെ മൂന്നാമത്തെ ദിനമായിരുന്നു ഇന്നലെ. പ്രധാനമന്ത്രിയോടുള്ള മൂന്നാമത്തെ ചോദ്യം. 2002-2016 കാലയളവില്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത് 62,549 കോടി രൂപയാണ്. പുതിയ പദ്ധതികള്‍ വഴി സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദന ശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് ഗുജറാത്ത് സര്‍ക്കാറും ബി. ജെ.പിയും അവകാശപ്പെടുന്നത്. എന്നിട്ടും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ 62 ശതമാനവും പുറത്തുനിന്ന് വാങ്ങുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വരുന്ന ചെലവ് മൂന്ന് രൂപയാണെന്നിരിക്കെ, ഒരു യൂണിറ്റിന് 24 രൂപ നിരക്കിലാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങിയത്. അതും മോദി മുഖ്യമന്ത്രിയായിരുന്ന 2002 മുതല്‍. പൊതുഖജനാവിലെ നികുതിപ്പണം ഇത്തരത്തില്‍ ധൂര്‍ത്തടിച്ചത് എന്തിനു വേണ്ടിയാണെന്ന് മോദി മറുപടി നല്‍കണമെന്നും രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി എത്ര വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും രാഹുല്‍ ചോദിച്ചു. 22 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന്റെ ഉത്തരങ്ങളാണ് ഗുജറാത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാറിന്റെയും മോദിയുടെയും പബ്ലിസിറ്റി സ്റ്റണ്ടിന് ജനങ്ങള്‍ എന്തിന് പണം നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ ചോദ്യം. അഞ്ചു വര്‍ഷം കൊണ്ട് 50 ലക്ഷം വീടുകള്‍ എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തെ ബി. ജെ.പിയുടെ പ്രധാന പ്രചാരണം. എന്നാല്‍ 4.72 ലക്ഷം വീടുകള്‍ മാത്രമാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത്. വാഗ്ദാനം പാലിക്കാന്‍ ഇനിയൊരു 45 വര്‍ഷം കൂടി വേണ്ടി വരുമോ എന്നും രാഹുല്‍ പരിഹസിച്ചിരുന്നു.