X

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ജനാധിപത്യത്തിന്റെ പരാജയമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഭൂരിപക്ഷമില്ലാത്ത കര്‍ണാടകയിലെ സര്‍ക്കാര്‍ ഭരണഘടനയെ അപഹസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്കു വില നല്‍കാതെ ബി.ജെ.പി രാജ്യത്തെ ഭരണഘടനാ സംവിധാനത്തെ പരിഹസിക്കുകയാണ്. ബി.ജെ.പിയുടേത് യുക്തിഹീനമായ ശാഠ്യമാണ്.

ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വിവേകമില്ലാത്ത ബി.ജെ.പിയുടെ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണ്, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ജനാധിപത്യത്തിന്റെ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് ബി.ജെ.പി ജയം ആഘോഷിക്കുകയാണ്. എന്നാല്‍ രാജ്യം ജനാധിപത്യത്തിന്റെ തോല്‍വിയില്‍ വിലപിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാവിലെ ഒമ്പതു മണിയോടെയാണ് ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞക്കു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നിലും വിധാന്‍ സൗധത്തിലെ ഗാന്ധിപ്രതിമക്കരികിലും പ്രതിഷേധ സമരം നടത്തുകയാണ്. ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമരം.

 

chandrika: