X

‘രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണം’; കോടതിയെ സമീപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന തന്റെ അപേക്ഷയില്‍ തീരുമാനമെടുക്കന്‍ ആഭ്യന്തര മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കുമെന്നാണ് കരുതുന്നത്. അഭിഭാഷകനായ സത്യ സബര്‍വാളാണ് സുബ്രഹ്മണ്യന്‍ സ്വാമിക്ക് വേണ്ടി ഹരജി സമര്‍പ്പിച്ചത്.

ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി സ്വയം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വാമി ആഭ്യന്തര മന്ത്രാലയത്തിന് 2019ല്‍ കത്തെഴുതിയിരുന്നു. രാഹുല്‍ ഗാന്ധി 2003ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമായിരുന്നെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.

2005 ഒക്ടോബര്‍ 10 നും 2006 ഒക്ടോബര്‍ 31 നും സമര്‍പ്പിച്ച കമ്പനിയുടെ വാര്‍ഷിക റിട്ടേണില്‍ രാഹുല്‍ ഗാന്ധി തന്റെ പൗരത്വം ബ്രിട്ടീഷുകാരനാണെന്ന് പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, 2009 ഫെബ്രുവരി 17 ന് കമ്പനി പിരിച്ചുവിടല്‍ അപേക്ഷയില്‍ രാഹുല്‍ ഗാന്ധിയുടെ ദേശീയത ബ്രിട്ടീഷുകാരാണെന്ന് സൂചിപ്പിച്ചിരുന്നു. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9ന്റെയും 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും സ്വാമി പറയുകയുണ്ടായി. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിനയച്ച കത്തില്‍ പുരോഗതി ഒന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. തന്റെ പരാതിയുടെ അപ്ഡേറ്റും സ്റ്റാറ്റസും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്‍ അയച്ചെങ്കിലും നടപടിയെടുക്കുകയോ അതേ കുറിച്ച് തന്നെ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വാമി തന്റെ ഹരജിയില്‍ പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ എന്റെ അസോസിയേറ്റ് അഭിഭാഷകന്‍ സത്യ സബര്‍വാള്‍ ഒരു പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചു. എന്തുകൊണ്ടാണ് രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം എടുത്തുകളയാത്തത്,’ ഹരജി സമര്‍പ്പിച്ചതിന് പിന്നാലെ സുബ്രഹ്മണ്യന്‍ സ്വാമി തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

webdesk13: