രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് തുടങ്ങും. മണിപ്പൂർ തൗബലിലെ സ്വകാര്യ മൈതാനത്തുനിന്നാണ് യാത്ര ആരംഭിക്കുക.
ഇംഫാലിലെ പാലസ് ഗ്രൗണ്ട് യാത്രയുടെ ഉദ്ഘാടനത്തിന് അനുവദിക്കുന്നതിൽ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉദ്ഘാടനവേദി മാറ്റിയത്.
15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തർപ്രദേശില്‍മാത്രം പതിനൊന്നു ദിവസം രാഹുല്‍ യാത്ര നടത്തും. 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ നീളുന്നതാണ് യാത്ര. മാർച്ച് 20 ന് മുംബൈയിലാണ് സമാപനം.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും. ബസില്‍ ഇരുന്ന് മാത്രമായിരിക്കില്ല പലയിടങ്ങളിൽ നടന്നും മറ്റ് വാഹനങ്ങളിലുമെല്ലാം രാഹുല്‍ സഞ്ചരിക്കും.
യാത്രയിലുടനീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും. പ്രാദേശികമായ പ്രശ്നങ്ങള്‍ ഉയർത്തും. പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ ചർച്ചകളും ഉണ്ടാകും. മോദി സർക്കാറിന്റെ പത്തുവർഷത്തെ അന്യായ കാലത്തിനെതിരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.