ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴില്‍ ജനാധിപത്യം അതിന്റെ ഇരുണ്ട കാലത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സര്‍ക്കാറിന് അധികാരത്തിന്റെ ഭ്രമം പിടിപെട്ടതായും അദ്ദേഹം ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു രാഹുല്‍. ‘വിയോജിക്കുന്നവരെ നിശ്ശബ്ദമാക്കാനാണ് ശ്രമം. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഈ സര്‍ക്കാറിനെ അസ്വസ്ഥപ്പെടുത്തുന്നു. കാരണം അവര്‍ക്ക് ഉത്തരങ്ങളില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളത്തില്‍ ഈ പരാജയം നമ്മള്‍ തുറന്നു കാണിക്കണം’ – അദ്ദേഹം പറഞ്ഞു.
ദളിതുകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും തുടര്‍ന്നു കൊണ്ടിരിക്കുന്നു. അവരുടെ അവകാശങ്ങളും സര്‍ക്കാര്‍ കവരുകയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയല്ല ഭരണം, ചില കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ പോലും തൊഴിലില്ലാതെ അലയുകയാണ്. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാതായതോടെ ചെറുകിട സംരംഭങ്ങള്‍ താറുമാറായി. കഴിഞ്ഞ 20 മാസം വളര്‍ച്ച താഴോട്ടാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ഷകരുടെ ആത്മഹത്യയില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. പരാജയങ്ങളെ അക്കങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ ലഘൂകരിച്ചു നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭൂമിയേറ്റെടുക്കല്‍ നിയമം റിയല്‍ എസ്റ്റേറ്റ് നിയമമായി മാറിയിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിലുകള്‍ നിഷേധിക്കാന്‍ അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആവശ്യം ഉന്നയിച്ച വിമുക്ത ഭടന്മാരോട് ക്രൂരമായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും കോണ്‍ഗ്രസ് അവതരിപ്പിച്ച പദ്ധതിയുടെ കരടില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.