X

ഹാഥ്റസിൽ ആശ്വാസ വാക്കുകളുമായി രാഹുൽ ഗാന്ധി; മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യം

യു.പിയിലെ ഹാഥ്‌റസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഹാഥ്‌റസിലെയും അലീഗഢിലെയും ഗ്രാമങ്ങളിലെത്തിയത്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്, പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള അവിനാഷ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ശ്രീനെറ്റ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അനുഗമിച്ചു. രാവിലെ 7.15ഓടെ അലീഗഢിന് സമീപത്തെ പില്‍ക്കാന ഗ്രാമത്തിലെത്തി ശാന്തി ദേവി, മഞ്ജു ദേവി എന്നിവരുടെ കുടുംബാംഗങ്ങളെ കണ്ടു. സാമ്പത്തിക സഹായം നല്‍കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

‘ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. പരിപാടി നടന്ന സ്ഥലത്ത് മതിയായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. നല്ല ചികിത്സാ സൗകര്യം ഉണ്ടായിരുന്നെങ്കില്‍ എന്റെ സഹോദരിയെ രക്ഷിക്കാമായിരുന്നു’ -കുടുംബാംഗം പറഞ്ഞു.

‘മരണപ്പെട്ടവരെല്ലാം നിര്‍ധന കുടുംബത്തില്‍പെട്ടവരാണ്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം’ -രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.

ബോലെ ബാബ എന്നറിയപ്പെടുന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടയിലുണ്ടായ ദുരന്തത്തില്‍ 121 പേരാണ് കൊലപ്പെട്ടത്. പരിപാടിയുടെ സംഘടകരായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ബോലെ ബാബയുടെ പേര് ഇതുവരെയും പൊലീസ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

webdesk13: