കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മുന്ന് ലക്ഷം കവിയുമെന്ന് കല്‍പറ്റയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി അവലോകന യോഗം വിലയിരുത്തിയതായി കെ.പി. പി. സി. പ്രസിഡണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കണ്ണൂരിലും കാസര്‍ഗോഡും കോഴിക്കോടും അക്രമരാഷ്ടീയം അരങ്ങുതകര്‍ക്കുകയാണ്. ഇതിനോടു മുഖ്യമന്ത്രി പ്രതികരിക്കാത്തതിനു കാരണം അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് അദ്ദേഹം തന്നെ ആയതുകൊണ്ടാണ്. അണികളോട് ആയുധം താഴെ വയ്ക്കാന്‍ പറയാനുള്ള രാഷ്ട്രീയ ആര്‍ജവം മുഖ്യമന്ത്രിക്കില്ല.
കള്ളവോട്ടിന്റെയും അട്ടിമറിയുടെയും സഹായമില്ലാതെ മലബാറില്‍ ഒരു നിയോജമണ്ഡലത്തില്‍പോലും വിജയിക്കാന്‍ ശേഷിയില്ലാത്ത ദുര്‍ബല രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. കേരളത്തില്‍ 18ല്‍പരം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന കോടിയേരിയുടെ വാദത്തെക്കുറിച്ച്
ഒന്നം പറയുന്നില്ല. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു പിന്നാലെ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം മൂക്കുകുത്തും. അഖിലേന്ത്യാ പാര്‍ട്ടി എന്ന പദവി സിപിഎമ്മിനു നഷ്ടമാകും.
കുറ്റമറ്റതും ഭരണഘടന ശാസിക്കുന്നതുമായ രൂപത്തില്‍ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കണം. അല്ലാത്ത പക്ഷം ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം ഗൗരവത്തോടെ കാണണം. ദേശീയ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടി കോണ്‍ഗ്രസ് മുന്നോട്ടുപോകും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇക്കാര്യത്തില്‍ തടസം നില്‍ക്കില്ല. ദേശീയതലത്തില്‍ മതേതര ശക്തികളുടെ സഹകരണം ഉറപ്പാക്കി മുന്നോട്ടുപോകണമെന്നു ചിന്തിക്കുന്നതുകൊണ്ടാണ് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഒരിടത്തുപോലും സിപിഎമ്മിനെതിരെ ശക്തമായി പ്രതികരിക്കാതിരുന്നത്. ഇതിനെ അദ്ദേഹത്തിന്റെ വീഴ്ചയായി കാണരുത്. കാര്യങ്ങള്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ വ്യക്തമായി രാഹുല്‍ ഗാന്ധിക്കറിയാം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തുകള്‍ ഫാസിസവും വര്‍ഗീയതയുമാണെന്നു മനസിലാക്കി നരേന്ദ്രമോദിയെ പുറത്താക്കാനുള്ള സമരത്തില്‍ തീര്‍ച്ചയായും ഐക്യവേദി ഉണ്ടാകണം. ജനാധിപത്യമതേതര ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കണം. അതിന്റെ ഭാഗമായാണ് ഉന്നത രാഷ്ട്രീയമാനങ്ങളുള്ള പ്രസ്താവനകള്‍ രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇതുള്‍ക്കൊള്ളാന്‍ പിണറായിയും കോടിയേരിയും ഉള്‍പ്പെടെ കേരളത്തിലെ സിപിഎം നേതാക്കള്‍ക്കു മാത്രമാണ് കഴിയാതെപോകുന്നത്.
വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കു മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കല്‍പറ്റ വുഡ് ലാന്റ്‌സ് ഓഡിറ്റോറിയത്തില്‍ കെ.പി. സി .സി പ്രസിഡണ്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ , കെ.പി. അനില്‍കുമാര്‍,പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി, സജീവ് ജോസഫ്, എന്‍. സുബ്രഹ് മണ്യന്‍,ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ദിഖ്, കെ.കെ. ഏബ്രഹാം, എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, കെ.എല്‍. പൗലോസ് സംബന്ധിച്ചു.