X

ഗുജറാത്ത് മുഖ്യമന്ത്രി ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച ദേശീയ പതാക രാഹുല്‍ ഗാന്ധി ഏറ്റുവാങ്ങും

 

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ പ്രമുഖ ദളിത് സംഘടനയായ ദളിത് ശക്തി കേന്ദ്രയുടെ ഓഫീസ് സന്ദര്‍ശനം നടത്തും. ഇവര്‍ തയ്യാറാക്കിയ കൂറ്റന്‍ ദേശീയ പതാക അദ്ദേഹം ഏറ്റുവാങ്ങും. നേരത്തെ, പതാക ഏറ്റുവാങ്ങാന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ ദളിത് ശക്തി കേന്ദ്ര ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ഇത് നിരസിക്കുകയായിരുന്നു. ദളിത് ശക്തി കേന്ദ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ദളിതര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും ചെറുക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് ദലിത് ശക്തി കേന്ദ്ര. സംസ്ഥാനത്തെ ദളിതുകള്‍ക്കെതിരായ അക്രമങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയെ ഇവര്‍ സമീപിച്ചിരുന്നു. 125 അടി വീതിയും 83.3 അടി നീളുവമുള്ള പടുകൂറ്റന്‍ പതാക സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗാന്ധിനഗര്‍ കളക്ടറേറ്റിലെ മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. പതാക ഏറ്റു വാങ്ങുന്നതോടെ താന്‍ ദളിതരുടെയും രാജ്യത്തെ പിന്നോക്കക്കാരുടെയും കൂടെയാണെന്ന് രാഹുല്‍ ഗാന്ധി ഊട്ടിയുറപ്പിക്കുകയാണെന്ന് ദളിത് ശക്തി വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ കീഴില്‍ പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍.

നാളെ അഹമദാബാദ് ഒദവ് ഇന്‍ട്രസ്റ്റിയല്‍ ഏരിയയില്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ പരിപാടിയില്‍ ദളിത് നേതാവ് ജിഗ്‌നേഷ് മെവാനിയുടെ നേതൃത്വത്തില്‍ രണ്ടായിരത്തിലധികം വരുന്ന പ്രവര്‍ത്തകര്‍ ഡോ: അംബേദ്കറുടെ പേരില്‍ ദലിത്പിന്നോക്ക വിരുദ്ധ ബി.ജെ.പി സര്‍ക്കാറുകള്‍ക്ക് ഇനി ഒരിക്കലും വോട്ടു ചെയ്യില്ല എന്നു സത്യ പ്രതിജ്ഞചെയ്യും.രാജ്യത്തെ ശരിയായ അധികാരം തൊഴിലാളി വര്‍ഗത്തിനാണെന്നും എന്നാല്‍ അവരെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തി അവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ഇതിനു മാറ്റംവരേണ്ട സമയമായെന്നും മെവാനി പറഞ്ഞു.

നോട്ടു നിരോധനവും . ജി.എസ്.ടിയും നടപ്പാക്കിയതിനു ശേഷം സമ്മര്‍ദ്ദത്തിലായ മോദി സര്‍ക്കാറിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ദേശീയ രാഷ് ട്രീയത്തില്‍ വളരെ ഗൗരവത്തോടെ നിരീക്ഷിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിലവില്‍ ട്രെന്‍ഡുകള്‍ കോണ്‍ഗ്രസിനു അനുകൂലമാണ്. ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടിഡാര്‍ സമുദായവും ജിഗ്‌നേഷ് മെവാനിയുടെ ദലിത് വിഭാഗവും നേരത്തെ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കിയിരുന്നു

chandrika: