X

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും

കോഴിക്കോട്: മുസ്ലിംലീഗിന്റെ സമുന്നത നേതാവും കേരള നിയമസഭാംഗവും ചീഫ് വിപ്പുമായിരുന്ന പി. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പുറത്തിറങ്ങുന്നു. സീതി ഹാജി, നിലപാടുകളുടെ നേതാവ് എന്ന ശീർഷകത്തിൽ മനോരമ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 2023 നവംബർ 29 ബുധനാഴ്ച രാവിലെ 9.30ന് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. സീതി ഹാജിയുടെ ജീവിതവും ശ്രദ്ധേയമായ നിയമസഭാ പ്രസംഗങ്ങളും പ്രമുഖ നേതാക്കളുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തി നിഷ പുരുഷോത്തമൻ, ആനന്ദ് ഗംഗൻ എന്നിവർ ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന പ്രകാശന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആദ്യകോപ്പി ഏറ്റുവാങ്ങും. പി.കെ ബഷീർ എം.എൽ.എ സ്വാഗതം ആശംസിക്കും. മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു ആമുഖ പ്രഭാഷണവും നിഷ പുരുഷോത്തമൻ പുസ്തക പരിചയവും നിർവ്വഹിക്കും. അബ്ദുൽ ലത്തീഫ് ഉപ്പള രാഹുൽ ഗാന്ധിക്ക് ഉപഹാരം സമർപ്പിക്കും. ചടങ്ങിൽ ഇ.പി ജയരാജൻ, കെ.സി വേണുഗോപാൽ എം.പി, കെ. മുരളീധരൻ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. പി.എം.എ സലാം, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.പി.എ മജീദ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

നർമത്തിൽ പൊതിഞ്ഞതും കുറിക്ക് കൊള്ളുന്നതുമായ സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾക്ക് എല്ലാ കാലത്തും പ്രസക്തിയുണ്ട്. ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി അദ്ദേഹം കേരള നിയമസഭയിൽ പോരാട്ടം നടത്തി. സ്വതസിദ്ധമായ ഏറനാടൻ ശൈലിയിൽ ആരെയും ആകർഷിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. ആ പ്രസംഗങ്ങൾ തനിമ ചോരാതെ തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. പി.കെ ബഷീർ എം.എൽ.എ, എം.സി മായിൻ ഹാജി, എം.വി സിദ്ദീഖ് മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

സീതി ഹാജി

1932 ഓഗസ്റ്റ് 16ന് ജനിച്ച സീതി ഹാജി കുട്ടിക്കാലത്ത് തന്നെ മുസ്ലിംലീഗ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഏറനാട് താലൂക്ക് സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. ചന്ദ്രിക ഡയരക്ടറായിരുന്നു. 1977, 1980, 1982, 1987 വർഷങ്ങളിൽ കൊണ്ടോട്ടിയിൽനിന്നും 1991ൽ താനൂരിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം കേരള നിയമസഭയിൽ ചീഫ് വിപ്പായിരിക്കെ 1991 ഡിസംബർ അഞ്ചിന് നിര്യാതനായി.

webdesk13: