അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് പോര്‍ക്കളം ഒരുങ്ങിയതോടെ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തും. ബെലഗാവിയിലെ സി.ഇ.പി.ഡി മൈതാനിയില്‍ നടക്കുന്ന യുവക്രാന്തി റാലിയെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ യുവാക്കളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. ബി.ജെ.പിയില്‍ നിന്ന് ഭരണം കൈപ്പിടിയിലാക്കാന്‍ സം സ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും നിരവധി പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെ ഭൂരിപക്ഷം ജില്ലകളിലും പര്യടനം നടത്തിയതിന്റെ പുത്തനുണര്‍വിലാണ് പാര്‍ട്ടി നേതൃത്വവും അണികളും.
താഴേക്കിടയിലെ പ്രവര്‍ത്തകരെ കര്‍മ്മനിരതരാക്കാനും സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കാനുമായത് കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ജോഡോ യാത്ര പ്രവര്‍ത്തകരിലുണ്ടാക്കിയ ആവേശം നിലനിര്‍ത്താന്‍ കഴിഞ്ഞ രണ്ടു മാസക്കാലമായി ശിവകുമാറിന്റെയും സിദ്ധരാമായയുടെയും നേതൃത്വത്തില്‍ ജില്ലകളും മേഖലകളും തിരിച്ച് പ്രജധ്വനി സമ്മേളനം എന്നപേരില്‍ റാലികള്‍ നടന്നുവരികയാണ്.
ഈ റാലികളിലെ വന്‍ ജന പങ്കാളിത്തം ഭരണകക്ഷിയായ ബി.ജെ.പിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രമന്ത്രിമാരും രണ്ടു മാസത്തിനുള്ളില്‍ നിരന്തരം കര്‍ണാടകയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകാത്ത വന്‍കിട പദ്ധതികള്‍ പോലും ഉദ്ഘാടനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് കേന്ദ്ര- കര്‍ണാടക സര്‍ക്കാരുകളുടെ ശ്രമം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വിജയ സങ്കല്‍പ്പയാത്ര എന്ന പേരില്‍ ബി.ജെ.പിയുടെ ജനസമ്പര്‍ക്ക പരിപാടിയും പുരോഗമിക്കുകയാണ്. മാര്‍ച്ച് ഒന്നിന്നു തുടക്കം കുറിച്ച യാത്ര ഈ മാസം 25ന് ദാവനഗരെയില്‍ സമാപിക്കും. സമാപന സമ്മേളനത്തില്‍ മോദി, അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജനതദള്‍ എസ് 75 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് മാസം മുന്‍പേ രംഗത്തിറങ്ങിയെങ്കിലും വേണ്ടത്ര ഓളമുണ്ടാക്കാനായിട്ടില്ല. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയാണ് കുമാരസ്വാമി ഉന്നമിടുന്നത്. അങ്ങിനെയെങ്കില്‍ വിലപേശലുമായി നിര്‍ണായക ശക്തിയാകാനുള്ള തന്ത്രങ്ങളാണ് അവര്‍ പയറ്റുക.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനര്‍ത്ഥി പട്ടികക്ക് ഡല്‍ഹിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ സ്‌ക്രീനിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിട്ടുണ്ട്. സിറ്റിങ് എം. എല്‍.എ.മാരില്‍ ഭൂരിപക്ഷം പേരും ഇത്തവണ അങ്കത്തിനുണ്ടാകുമെന്നാണ് വിവരം. അടുത്തിടെ മുന്‍ മന്ത്രിമാരും എം.എല്‍.എമാരും അടക്കം നിരവധി ബി. ജെ.പി, ജനതദള്‍ എസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇനിയും ഭരണപക്ഷത്തെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേ രുമെന്നാണ് റിപ്പോര്‍ട്ട്. 224 അംഗ സഭയില്‍ 150ഓളം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നാണ് തിരഞ്ഞെടുപ്പ് സര്‍വേകള്‍ നല്‍കുന്ന സൂചന.