സൈനുദ്ദീന്‍ വൈത്തിരി
കല്‍പ്പറ്റ: പ്രളയത്തിന് ശേഷം രണ്ട് തവണ വയനാട്ടിലെത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും എത്താന്‍ കഴിയാതിരുന്ന എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഒടുവില്‍ ജില്ലയിലെത്തുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത പ്രളയകാലത്താണ് വയനാട്ടില്‍ ആദ്യമായി രാഹുല്‍ഗാന്ധി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. 2018 ആഗസ്റ്റ് 18ന് പ്രളയംമൂലം ദുരിതഭൂമിയായി മാറിയ കോട്ടത്തറ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കനത്ത മഴയില്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ എത്താനായില്ല.
ഈ മാസം 13-ാം തീയതിയും വയനാട്ടില്‍ രാഹുല്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലക്കിടിയിലെ ജവാന്‍ വി.വി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നില്ല. സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് അനുസരിച്ചായിരുന്നു സന്ദര്‍ശനം റദ്ദാക്കിയത്.
പ്രളയാനന്തരം മോശം കാലാവസ്ഥയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദ് ചെയ്തത് അന്ന് വയനാട്ടുകാരെ ഏറെ നിരാശരാക്കിയിരുന്നു. കമ്പളക്കാടിനടുത്ത പള്ളിക്കുന്നില്‍ ഹെലികോപ്റ്ററിറങ്ങി റോഡ് മാര്‍ഗം കോട്ടത്തറ ടൗണ്‍, പിന്നീട് വെണ്ണിയോട് കൊളവയല്‍ കോളനി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു രാഹുല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ട് തവണയും വയനാട്ടുകാര്‍ നിരാശരായെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഭാവി ഇന്ത്യയുടെ പ്രധാനമന്ത്രിയെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വയനാട്ടുകാര്‍. രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥിയാണെന്ന വിവരം അത്യാഹ്ലാദ പൂര്‍വമാണ് ജില്ലയിലെ എല്ലാവിഭാഗം ആളുകളും സ്വീകരിച്ചത്.
പിന്നാക്ക ജില്ലയായ വയനാടിന് രാഹുലിന്റെ വരവോടെ കൂപുതല്‍ ഉണര്‍വുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് വയനാട്ടുകാര്‍. എട്ടുലക്ഷത്തിലധികം വരുന്ന വയനാടന്‍ ജനതയുടെ ആരോഗ്യ-വിദ്യാഭ്യാസ-കാര്‍ഷിക-ഗതാഗത മേഖലയിലെ ശാശ്വത പ്രശ്‌ന പരിഹാരത്തിനും രാഹുലിന്റെ വരവോടെ സാധ്യമാകുമെന്ന് വയനാട്ടുകാര്‍ കരുതുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ 68 കോടി അനുവദിച്ച വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, വിശദ പദ്ധതി രേഖക്കുള്ള(ഡി.പി.ആര്‍) അനുമതി ലഭിച്ചിട്ടും അനുവദിച്ച തുകപോലും നല്‍കാതെ ഉപേക്ഷിച്ച നഞ്ചന്‍കോഡ് വയനാട് നിലമ്പൂര്‍ റെയില്‍പാത, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗ്ലെന്‍ലെവല്‍ എസ്‌റ്റേറ്റിലെ 75 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉപകേന്ദ്രം, യു.ഡി.എഫ് സര്‍ക്കാര്‍ ജില്ലക്ക് അനുവദിച്ച മക്കിമല മുനീശ്വരന്‍ കുന്നിലെ എന്‍.സി.സി അക്കാദമി, ജില്ലയിലെ വന്യമൃഗ സങ്കേതങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി, റെയില്‍, വ്യോമ, ജല ഗതാഗതസംവിധാനങ്ങളില്ലാത്ത വയനാടിന് ഏറെ സഹായകരമാവുമായിരുന്ന ചുരം ബദല്‍ റോഡുകള്‍ തുടങ്ങിയ നിരവധി സ്വപ്‌ന പദ്ധതികളാണ് ജില്ലയിലുള്ളത്. രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നതോടെ പതിറ്റാണ്ടുകളായി പരിഹാരിക്കപ്പെടാതെ കിടക്കുന്ന വയനാടിന്റെ പല പ്രശനങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് വയനാടന്‍ ജനത.
രണ്ട് തവണ വരാനാഗ്രഹിച്ചിട്ടും നടന്നില്ല രാഹുല്‍ എത്തുന്നത് സ്ഥാനാര്‍ത്ഥിയായി
Tags: loksabha election 2019