ചാണ്ഡിഖഡ്: ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്‍ പഞ്ചാബിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കവേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
1977 ല്‍ എന്റെ മുത്തശ്ശി (മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് സിക്കുകാരുടെ മാത്രം സംരക്ഷണമാണുണ്ടായിരുന്നത്. മറ്റാരും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, രാഹുല്‍ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം വാര്‍ത്താസമ്മേളനം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
കര്‍ഷക റാലിക്കിടെ ട്രാക്ടറില്‍ കുഷ്യന്‍ ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിനും രാഹുല്‍ ചുട്ടമറുപടി നല്‍കി. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്‍ കര്‍ഷക റാലിയിലെ കുഷ്യന്‍ കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച രാഹുല്‍, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.
ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്‍ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ബില്ല് പാസാക്കുന്ന സമയത്ത് രാഹുല്‍ വിദേശത്ത് എന്തു ചെയ്യുകയായിരുന്നെന്ന അകാലിദളിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘എന്റെ അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും’ രാഹുല്‍ പറഞ്ഞു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ത്രിദിന ട്രാക്ടര്‍ റാലി ആരംഭിച്ചത്. പഞ്ചാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലിയില്‍ പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരോഷമിരമ്പി. പുതിയ കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാരിനു പറ്റിയ തെറ്റാണെന്ന് രാഹുല്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം അവസാനം വരെ പോരാടും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാരെന്ന് രാഹുല്‍ പറഞ്ഞു.
അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി തടഞ്ഞ ഹരിയാന സര്‍ക്കാര്‍ ഒടുവില്‍ റാലിക്ക് അനുമതി നല്‍കി. പഞ്ചാബില്‍ നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും പിന്‍മാറാന്‍ തയ്യാറല്ലെന്ന് രരാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്‍ക്കാര്‍ മുട്ടുമടക്കിയത്. അതിര്‍ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഹരിയാന സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ഒന്നല്ല 5000 മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ വെല്ലുവിളിച്ചു.
രാജ്യത്തെ കാര്‍ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്‍ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങളാണ് മോദി സര്‍ക്കാര്‍ മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കിയതെന്നും ഇതിനെതിരായാണ് ഈ ഖേതി ബച്ചാവോ യാത്രയെന്നും രാഹുല്‍ ഉണര്‍ത്തി. ഹരിയാനയിലെ കൈതാല്‍, പിപ്ലി എന്നിവിടങ്ങളില്‍ രാഹുല്‍ റാലിയെ അഭിസംബോധന ചെയ്യും. റാലി ഹരിയാനയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.