അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധം. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സാധാരണക്കാരെ ജയിലിലാക്കുന്ന സര്‍ക്കാര്‍, അദാനിയെ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി.
സഭാനടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വിവിധ വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. അദാനിക്ക് എതിരായ ആരോപണം, മണിപ്പൂര്‍ വിഷയം, സംഭാല്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എംപിമാര്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ അദാനി വിഷയത്തില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു.
12 മണി വരെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും പ്രതിഷേധമിരമ്പി.അദാനി വിഷയത്തില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ജയ്‌റാം രമേശിനെയും പ്രമോദ് തിവാരിയെയും അധ്യക്ഷന്‍ തടഞ്ഞതോടെ പ്രതിഷേധം ശക്തമായി.
അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. നിര്‍ത്തിവെച്ച സഭ വീണ്ടും പുനരാരംഭിച്ചങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.