ദേശീയ രാഷ്ട്രീയത്തിൽ ജനാധിപത്യവിശ്വാസികൾ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന രാഹുൽ ഗാന്ധി എം.പി, കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് ആവേശം പകരാൻ ഉടൻ സംസ്ഥാനത്തെത്തും. ജനുവരിയിലെ അവസാന ദിവസങ്ങളിലായിരിക്കും രാഹുൽ കേരളത്തിലെത്തുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അന്തിമ തിയ്യതി നിശ്ചയിച്ചിട്ടില്ല. രണ്ട് ദിവസമെങ്കിലും രാഹുൽ മണ്ഡലത്തിലുണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ വിവിധ പരിപാടികളിലും പ്രമുഖ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടന്നേക്കും. കാത്തുനിന്നവർക്ക് മുന്നിലേക്ക് ഹൃദയത്തിൽ തൊട്ട അഭിവാദ്യവുമായെത്തി, വയനാടൻ നെൽപാടങ്ങളിലിറങ്ങി, കർഷകരുടെ കരം ചേർത്ത് പിടിച്ച്, ചെന്നെല്ലിൻ ചോറുണ്ട് മടങ്ങി മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ദേശീയ രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടിൽ രാഹുൽ വീണ്ടും കേരളത്തിലേക്കെത്തുന്നത്.
ഫെബ്രുവരി 15ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാവുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് തിരുവനന്തപുരത്ത് സൂചന നല്കിയ സാഹചര്യത്തിൽ രാഹുലിന്റെ സന്ദർശനം കേരളത്തിലെ യു.ഡി.എഫിൽ വൻ ആവേശമുണ്ടാക്കും. രാഹുലിന്റെ സന്ദർശനം ചരിത്രമാക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ വയനാട് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന മണ്ഡലങ്ങളിലൊന്നായി മാറിയിരുന്നു. രാഹുലും പ്രിയങ്കയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേരിട്ടെത്തിയതോടെ കേരളത്തിലെ 19 മണ്ഡലങ്ങളിലും യു.ഡി.എഫ് അത്യുജ്ജ്വല വിജയവും നേടി. തുടർന്ന് കഴിഞ്ഞ മാസം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും രാഹുലിന്റെ മണ്ഡലത്തിൽ യു.ഡി.എഫ് വൻ നേട്ടം ആവർത്തിക്കുകയും ചെയ്തു.
രാഹുലെത്തുന്നതോടെ കേരളത്തിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വൻആവേശം കൈവരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമായ ഇടതുമുന്നണിക്കെതിരെ വൻവിജയം നേടാനാവുമെന്നുമാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
ഏറ്റവുമൊടുവിൽ 2020 ഒക്ടോബർ 19നാണ് രാഹുൽ വയനാട് മണ്ഡലത്തിലെത്തിയത്. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് ശേഷം വയനാട്ടിലെത്തിയ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ തിരിക്കുകൾക്കിടയിലും വോട്ടർമാരെ കണ്ട് മണ്ഡലത്തിന്റെ വികസനങ്ങളിൽ നായകത്വം വഹിച്ച്് മൂന്ന് ദിനരാത്രങ്ങൾക്ക് ശേഷമാണ് ഡൽഹിയിലേക്ക് മടങ്ങിയത്. ഇക്കഴിഞ്ഞ പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഹുൽ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലും എത്തിയിരുന്നു.