X

കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ഗാന്ധി. നിയമങ്ങള്‍ കാര്‍ഷകര്‍ക്കു വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍ ആണ് എങ്കില്‍ എന്തിനാണ് ഇവര്‍ പ്രതിഷേധിക്കുന്നത് എന്നും രാഹുല്‍ ചോദിച്ചു.

ഈ തണുപ്പില്‍ കര്‍ഷകര്‍ അവരുടെ വീടും വയലും വിട്ടു പോന്നത് കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാനാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് ഒപ്പമോ അതോടെ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ? –

രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കരുത്ത് സംരക്ഷിക്കുന്നതാണ് രാജ്യസ്‌നേഹം. രാജ്യത്തിന്റെ ശക്തി കര്‍ഷകരാണ്. അവര്‍ എന്തിന് കാല്‍നടയായി ഇത്ര ദൂരം വന്നു, എന്തിന് അവര്‍ റോഡുകളില്‍ സമരമിരിക്കുന്നു എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. നരേന്ദ്രമോദി പറയുന്നത് ഈ നിയമങ്ങള്‍ കര്‍ഷകരുടെ താത്പര്യത്തിന് വേണ്ടിയാണ് എന്നാണ്. അങ്ങനെയാണ് എങ്കില്‍ എന്തു കൊണ്ടാണ് അവര്‍ ദേഷ്യപ്പെട്ടിരിക്കുന്നത്. ഈ നിയമങ്ങള്‍ നരേന്ദ്രമോദിയുടെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളതാണ്- മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

ഈ നിയമങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഉള്ളതാണ്. നാം അവര്‍ക്കൊപ്പം നില്‍ക്കണം. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മൂന്നിന് ചര്‍ച്ചകള്‍ നടത്താം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞിട്ടുള്ളത്. എന്നാള്‍ ചര്‍ച്ചയ്ക്ക് ഉപാധികള്‍ വയ്ക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ ആവശ്യം തള്ളിയതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ കൃഷിമന്ത്രി തോമറുമായി കൂടിക്കാഴ് നടത്തി.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 കര്‍ഷക സംഘടനകളാണ് സമരത്തിനിരിക്കുന്ന്.

Test User: