ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്ന കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന 23 ഭാഷകളെ ഉദ്ധരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഹിന്ദിയെ രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന അമിത് ഷായുടെ പ്രസ്താവന വിവിധ കോണുകളില്‍നിന്ന് രൂക്ഷമായ എതിര്‍പ്പുകളാണ് ഉയര്‍ത്തുന്നത്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്ന നിലയില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കപ്പെടുന്ന സംസ്ഥാനങ്ങള്‍ ലംഘിക്കാനുള്ള ശ്രമമാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും അത് അനുവദിക്കാനാകില്ലെന്നും മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ ഇന്ന് പറഞ്ഞിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തുടങ്ങിയവരും അമിത് ഷായുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.