ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ കശ്മീരില്‍ നടത്തുന്ന ഇടപെടുലകളിളെ സംബന്ധിച്ച് പാകിസ്താന്‍ യുഎന്നില്‍ നല്‍കിയ നോട്ടീസില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇതാദ്യമായിട്ടാണ് രാഹുല്‍ പാകിസ്താനെതിരെ കടുത്ത ഭാഷയില്‍ പരസ്യ പ്രതികരണം നടത്തുന്നത്. നേരത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പോയ അദ്ദേഹമടക്കമുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.