X
    Categories: CultureViews

പെട്രോള്‍ വില വര്‍ധന: മോദിക്കെതിരെ കിടിലന്‍ ട്രോളുമായി രാഹുല്‍ ഗാന്ധി

രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനുദിനം വര്‍ധിച്ചു വരുന്നതിനിടെ, വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കിനു പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലാണ് മോദിയെ ‘കൊട്ടുന്ന’ വീഡിയോ രാഹുല്‍ അപ്‌ലോഡ് ചെയ്തത്.

മോദി അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യനാളുകളില്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയിലും വിലക്കുറവ് അനുഭവപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ ബി.ജെ.പിയുടെ പൊതുയോഗത്തില്‍ മോദി നടത്തിയ പ്രഭാഷണത്തിന്റെ ഭാഗമാണ് രാഹുല്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്ളത്.

‘പെട്രാളിന്റെ വില കുറഞ്ഞോ ഇല്ലയോ? ഉറക്കെ പറയൂ, പെട്രോളിന്റെ വില കുറഞ്ഞോ ഇല്ലയോ? ഡീസലിന്റെ വില കുറഞ്ഞോ ഇല്ലയോ? നിങ്ങളുടെ കീശകളില്‍ കുറച്ച് പണം ബാക്കിയാവാന്‍ തുടങ്ങിയോ ഇല്ലയോ?’ തുടങ്ങിയ ചോദ്യങ്ങള്‍ സദസ്സിനോട് മോദി ചോദിക്കുന്നതാണ് വീഡിയോയില്‍. ഒരു റിയാലിറ്റി ഷോയ്ക്കിടെ തമാശ കേട്ട് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കൂടി ചേര്‍ത്താണ് മോദിയുടെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. #PeTrolled എന്ന ഹാഷ് ടാഗ് ആണ് ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിച്ചിരിക്കുന്നത്.

‘പാവപ്പെട്ടവരും മധ്യവര്‍ഗവും ഉയരുന്ന ഇന്ധന വിലയുടെ ആഘാതം സഹിക്കുകയാണ്. ഈ വീഡിയോയില്‍ നമ്മുടെ പ്രധാനമന്ത്രി പറയുന്നത് തീര്‍ച്ചയായും മറ്റേതോ രാജ്യത്തെ കാര്യമാവും’ – വീഡിയോയ്‌ക്കൊപ്പം രാഹുല്‍ കുറിച്ചു.

രണ്ടാം യു.പി.എ സര്‍ക്കാര്‍ ഭരണത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന ആഭ്യന്തര വിപണിയിലും വില വര്‍ധനയുണ്ടായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വില റെക്കോര്‍ഡ് താഴ്ചയിലെത്തിയിട്ടും രാജ്യത്ത് വില കുറയാത്തത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പെട്രോളിയം കമ്പനികളുടെ ‘കൊള്ള’ക്കെതിരെ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ മടിച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: