X

മനോഹര്‍ പരീക്കറിന്റെ സംസ്‌ക്കാരം വൈകീട്ട് നടക്കും; അനുശോചനവുമായി രാഹുലും പ്രിയങ്കയും

പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം പനാജിയില്‍ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. അതേസമയം, പരീക്കര്‍ക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

പരീക്കറുടെ വിയോഗത്തില്‍ താന്‍ അതീവദു:ഖിതനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. രാഷ്ട്രീയത്തിനപ്പുറത്ത് ബഹുമാനിക്കുന്ന നേതാവാണ് പരീക്കറെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഒരിക്കല്‍ മാത്രമേ പരീക്കറെ നേരിട്ട് കണ്ടിട്ടുള്ളൂവെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രിയങ്കഗാന്ധിയും അറിയിച്ചു. പരീക്കറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാംനാഥ് ഗോവിന്ദും ട്വീറ്റ് ചെയ്തു.

പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ ആരോഗ്യനില വളരെ മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് മരണം സംഭവിച്ചത്. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട് (200005, 201214, 20172019) മനോഹര്‍ പരീക്കര്‍.
2014 മുതല്‍ മൂന്ന് വര്‍ഷം മോദി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു.

പരീക്കറുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ് ഗോവയില്‍ പരീക്കറിനു പകരക്കാരനെ കണ്ടെത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കള്‍ ലോബോ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട ചര്‍ച്ചകളും ബി.ജെ.പിയും നടത്തിയിരുന്നു. അതിനിടയിലാണ് മരണം സംഭവിച്ചത്.

chandrika: