ന്യൂഡല്‍ഹി: ഇരട്ട എഞ്ചിനോട് കൂടിയ റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതിനായി ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാനത്തിനായുണ്ടാക്കിയ കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ലെന്ന പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനക്കു പിന്നാലെയാണ് രാഹുല്‍ ആരോപണവുമായി രംഗത്തെത്തിയത്. സര്‍ക്കാറിനോട് ചോദ്യം ചോദിക്കുന്നവരൊക്കെ രാജ്യവിരുദ്ധരായി മുദ്രകുത്തപ്പെടുമെന്ന പരിഹാസത്തോടെയാണ് രാഹുല്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഓരോ റഫാല്‍ വിമാനത്തിനുമുള്ള തുക നിശ്ചയിച്ചത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിശ്വസ്തയായ സഹപ്രവര്‍ത്തകയുമാണെന്നും ഇത് രാജ്യ രഹസ്യമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ രഹസ്യ കരാറിന്റെ വിശദാംശങ്ങള്‍ പറയാന്‍ തടസമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റിലെ അനുഛേദം 10 പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ രഹസ്യ കരാര്‍ വെളിപ്പെടുത്താനാവില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരേയും രാഹുല്‍ കണക്കിന് പരിഹസിച്ചു. റഫാല്‍ കരാറിനെ കുറിച്ച് നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കില്ല, നിങ്ങള്‍ക്കു മേലുള്ള സമ്മര്‍ദ്ദം എനിക്കറിയാം. പക്ഷേ റഫാലിനെ കുറിച്ച് ചോദിക്കാന്‍ അല്‍പം നട്ടെല്ലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വിമാനം വാങ്ങാന്‍ എത്രപണമാണ് നല്‍കുന്നതെന്ന് വെളിപ്പെടുത്താത്തത് അഴിമതിയുണ്ടെന്നതിന്റെ സൂചനയാണ്. പാര്‍ലമെന്റില്‍ ചോദ്യത്തിന് ഉത്തരം നല്‍കാത്തത് ഇതാദ്യമായാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി നേരിട്ട് പാരീസിലെത്തിയാണ് കരാര്‍ മാറ്റിയതെന്നും രാജ്യത്തിന് മുഴുവന്‍ ഇക്കാര്യം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രതിരോധ രംഗത്ത് ഒരു പരിചയവുമില്ലാത്ത റിലയന്‍സ് കമ്പനിക്ക് റഫാല്‍ വിമാനം നിര്‍മിക്കുന്നതിനായി കരാര്‍ നല്‍കുന്നതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ റിലയന്‍സ് പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.
റിലയന്‍സിന് കീഴിലുള്ള എയറോ സ്‌ട്രെക്ടചര്‍ ലിമിറ്റഡും ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ടും തമ്മിലുള്ള സംയുക്ത കരാറാണ് റഫാലിന് പിന്നിലുള്ളതെന്നും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള കരാറിനപ്പുറം സര്‍ക്കാറിന് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നുമായിരുന്നു റിലയന്‍സിന്റെ മറുപടി. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നതുള്‍പ്പെടെ 126 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്തംബര്‍ 23ന് കരാറിലെത്തിയിരുന്നു. ഇത് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെക്കാളും കൂടിയ തുകക്കാണെന്നും രാജ്യ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് പ്രധാന ആരോപണം.