ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ മാസം യുകെ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനിടെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണവും നടത്തും. രാഹുല്‍ ഗാന്ധി അദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് സന്ദര്‍ശന വിവരം അറിയിച്ചത്.
അല്‍മ മേറ്റര്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ജിയോപൊളിറ്റിക്‌സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍, ജനാധിപത്യം എന്നിവയിലെ ഏറ്റവും തിളക്കമുള്ള മനസ്സുമായി താന്‍ ഇടപഴകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജിയോപൊളിറ്റിക്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഗ് ഡേറ്റ, ഡെമോക്രസി തുടങ്ങി വിവിധ മേഖലകളിലെ മിടുക്കരായ ചിലരുമായി ഇടപഴകുന്നതില്‍ സന്തോഷമുണ്ടെന്നും അദേഹം പറഞ്ഞു.
അതേസമയം, ഈ മാസം ഛത്തീസ്ഗഢിലെ റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും പ്ലീനറി സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.