കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി നാളെ സംഭല്‍ സന്ദര്‍ശിക്കും. നാളെ രാവിലെ രാഹുല്‍ സംഭലിലേക്ക് തിരിക്കുമെന്നാണ് വിവരം. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. ഷാഹി മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട് നവംബര്‍ 24ന് സംഭലിലുണ്ടായ സംഘര്‍ഷത്തില്‍ 5 പേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഭല്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. മുസ്‌ലിം ലീഗ് എംപിമാരുടെ സംഘത്തെയും പൊലീസ് യുപി അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. ഡിസംബര്‍ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ സംഘര്‍ഷബാധിത ജില്ലയില്‍ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടനാ പ്രതിനിധികളോ അടക്കം പുറത്തുനിന്നുള്ള ആരും പ്രവേശിക്കരുത് എന്നാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.