ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ വന്‍ സൈനിക വിന്യാസത്തിനിടയില്‍ ജീവിക്കുന്ന കശ്മീര്‍ ജനതയുടെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി. കശ്മീരില്‍ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത് വന്നിരുന്നു.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രത്യേക വിമാനം അയക്കാന്‍ തയ്യാറാണെന്നും അദ്ദേഹത്തിന് കശ്മീരില്‍ വന്ന് സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാമെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഈ വെല്ലുവിളി ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി കശ്മീര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.
കശ്മീരില്‍ വന്‍ സൈനിക വിന്യാസം നടത്തി വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിച്ച ശേഷം ആസൂത്രിതമായാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് കശ്മീരിനെ രണ്ടായി വിഭജിച്ചത്. ഇതിനെതിരെ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.