X

രാഹുൽ ഗാന്ധി ഹാഥറസിലേക്ക്; ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും

പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട 121 പേർ മരിച്ച ഉത്തർപ്രദേശിലെ ഹാഥറസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ദാരുണ സംഭവമാണ് ഹാഥറസിൽ നടന്നതെന്ന് വേണുഗോപാൽ പറഞ്ഞു. ദുരന്തസ്ഥലം സന്ദർശിക്കാനുള്ള തയാറെടുപ്പിലാണ് രാഹുൽ ഗാന്ധി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം നേരിൽ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സന്ദർശന തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു.

സ്വയം പ്രഖ്യാപിത ആൾദൈവമായ ജഗദ്ഗുരു സാകർ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തിൽ ഹാഥറസിൽ നടന്ന പ്രാർഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 121 പേരാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേർക്ക് പരിക്കുണ്ട്. മരിച്ചവരിൽ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തർപ്രദേശുകാരാണ്.

ഹാഥറസ് ജില്ലയിലെ സിക്കന്ദ്റ റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫുൽറായ്ക്ക് സമീപം കാൺപൂർ- കൊൽക്കത്ത പാതക്കരികിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ രണ്ടുമണിയോടെ ദുരന്തമുണ്ടായത്. വയലിൽ നിർമിച്ച താൽക്കാലിക വേദിയിലായിരുന്നു സത്സംഗ്. ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ കാറിൽ കയറുകയായിരുന്ന ഭോലെ ബാബയെ ദർശിക്കാനും കാൽപാദത്തിനടിയിലെ മണ്ണ് ശേഖരിക്കാനും വലിയ തിരക്ക് അനുഭവപ്പെട്ടു.

വയലിലെ ചളിയിൽ അടിതെറ്റിയവർക്കുമേൽ ഒന്നിനുപിറകെ ഒന്നായി ആളുകൾ വീഴുകയായിരുന്നു. ഭോലെ ബാബയുടെ സുരക്ഷ ഭടന്മാർ ആളുകളെ പുറത്തുപോകാൻ അനുവദിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ചവിട്ടേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കാതെ സംഘാടകർ മുങ്ങി.

80,000 പേർക്ക് മാത്രം അനുമതിയുണ്ടായിരുന്ന ‘സത്സംഗി’ൽ രണ്ടര ലക്ഷത്തോളം പേർ പങ്കെടുത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ദുരന്തത്തിനുശേഷം തെളിവ് നശിപ്പിക്കാൻ സംഘാടകർ ശ്രമിച്ചതായി ആക്ഷേപമുണ്ട്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

webdesk13: