ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരത്തില്‍ പങ്കെടുക്കും. ആറാം തീയതി മന്ദസോറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും. എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷക കടം എഴുതി തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ കര്‍ഷക സംഘടനകള്‍ ജൂണ്‍ ഒന്ന് മുതല്‍ പത്തുവരെ സമരം നടത്തുന്നത്. മന്ദസോറില്‍ ഏഴോളം കര്‍ഷകരെ വെടിവച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് രാജ്യവ്യാപക സമരം.
‘നമ്മുടെ രാജ്യത്ത് ഓരോ ദിവസവും 35 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയാത്തതിനാല്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന സമരം നടത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നീതിക്കു വേണ്ടിയാണ് അവര്‍ പോരാടുന്നത്. ജൂണ്‍ ആറിന് മന്ദസോറില്‍ നടക്കുന്ന റാലിയെ ഞാന്‍ അഭിസംബോധന ചെയ്യും,’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി പൂര്‍ണമായും തടയുകയും പാല്‍- പച്ചക്കറി ഉത്പന്നങ്ങള്‍ റോഡിലൊഴുക്കിയുമാണ് പ്രതിഷേധം പുരോഗമിക്കുന്നത്. നൂറ്റിയമ്പതോളം ചെറു കര്‍ഷകസംഘങ്ങളാണ് മധ്യപ്രദേശിലെ സമരത്തെ പിന്തുണയ്ക്കുന്നത്. 50 പഞ്ചായത്തില്‍ വ്യാപിച്ചുകിടക്കുന്ന സമരത്തോടെ നഗരങ്ങളിലേക്കുള്ള കയറ്റുമതി പൂര്‍ണായമായും നിലച്ച സാഹചര്യമാണ്. ഇതിന്റെ അനന്തരഫലം രാജ്യത്തെ നഗരങ്ങളിലും പട്ടണങ്ങളിലും അതിന്റെ പ്രത്യാഘാതങ്ങള്‍ അലയടിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം കര്‍ഷകര്‍ സമരം ചെയ്യുന്നത് മാധ്യമ ശ്രദ്ധ കിട്ടാനാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങിന്റെ വാദം.കോടികണക്കിന് കര്‍ഷകര്‍ രാജ്യത്തുണ്ടെന്നും എന്നാല്‍ വെറും ആയിരങ്ങള്‍ മാത്രം അംഗങ്ങളായുള്ള കാര്‍ഷിക സംഘടനകളാണ് സമരം ചെയ്യുന്നതെന്നും, അവരുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള നീക്കമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.