ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുത്തിട്ട് ഒരു വര്‍ഷം തികയുന്ന ദിനമായിരുന്നു ഇന്നലെ. നേതാവ് എന്നനിലയില്‍ തന്റെ ഒരു വര്‍ഷത്തെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടാന്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരവും. ഫലം പുറത്തുവന്നപ്പോള്‍ രാഹുല്‍ എന്ന നേതാവിന്റെ ഉയര്‍ച്ചയ്ക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. 2017 ഡിസംബര്‍ 11ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മോദിപ്രഭാവത്തിന്റെ നിഴലില്‍ മറഞ്ഞുപോയ ഒരു പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഭാരിച്ച ഉത്തരവാദിത്വം കൂടിയാണ് രാഹുല്‍ ചുമലിലേറ്റിയത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവിന് ഇത്ര സമ്മര്‍ദം അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയേയും നേതാക്കളെയും അദ്ദേഹം സധൈര്യം മുന്നോട്ട് നയിച്ചു.
വര്‍ഗീയ രാഷ്ട്രീയത്തിനും ‘പശു’രാഷ്ട്രീയത്തിനും ബദലായി മതനിരപേക്ഷ രാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന മുദ്രാവാക്യത്തോടെയാണ് രാഹുല്‍ കളംനിറഞ്ഞത്. എന്നാല്‍ രാഹുലിന്റെ മതവും ജാതിയും ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. രാഹുലിന്റെ ക്ഷേത്രദര്‍ശനങ്ങള്‍ പോലും മോദിയും കൂട്ടരും പലപ്പോഴും രാഷ്ട്രീയ ആയുധമാക്കി. എന്നാല്‍ അത്തരം നീക്കങ്ങളെയെല്ലാം രാഹുല്‍ രാഷ്ട്രീയ തന്ത്രജ്ഞതയോടെ നേരിട്ടു. കഴിഞ്ഞ 15 വര്‍ഷമായി ഛത്തീസ്ഗഡ് ഭരിക്കുന്ന ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞു കൊണ്ടുള്ള ഒറ്റ വിജയം മാത്രം മതി രാഹുലിന്റെ മൂല്യം ഉയര്‍ത്താന്‍. മുഖ്യമന്ത്രി രമണ്‍ സിങിനെതിരെ മികച്ച ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ പരാജയപ്പെട്ടിടത്ത് നിന്നാണ് വിസ്മയകരമായ വിജയം രാഹുലും കോണ്‍ഗ്രസും സ്വന്തമാക്കിയത്. 2017ല്‍ ഗുജറാത്തില്‍ തോല്‍വിക്ക് തുല്യമായ വിജയത്തിലേക്ക് ബി.ജെ.പിയെ ചുരുക്കിയതും രാഹുല്‍ പ്രഭാവം തന്നെയായിരുന്നു. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, പട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍ എന്നിവരെ തങ്ങളുടെ പക്ഷത്ത് അണിനിരത്തി തന്ത്രപൂര്‍വമായ നീക്കമാണ് രാഹുല്‍ അന്ന് നടത്തിയത്.
ഗുജറാത്തില്‍ തലനാരിഴക്ക് ഭരണം നഷ്ടപ്പെട്ടെങ്കിലും രാഹുലും കൂട്ടരും മോദി-ഷാ കൂട്ടുകെട്ടിനെ വെള്ളം കുടിപ്പിച്ചു. രാഹുലിന്റെ തന്ത്രപരമായ നീക്കം കര്‍ണാടകയിലും രാജ്യം കണ്ടു. തെഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാവില്ലെന്ന് മനസിലാക്കിയ നിമിഷം തന്നെ ഒട്ടും സമയം കളയാതെ ജെ.ഡി.എസിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പിയെ അദ്ദേഹം ആശയകുഴപ്പത്തിലാക്കി. ഗവര്‍ണറുടെ ഒത്താശയോടെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ യെദ്യൂരപ്പസര്‍ക്കാരിനെ ഞൊടിയിടയില്‍ താഴെയിറക്കി. നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ട് നയിക്കുന്നതും രാഹുലിന്റെ കര്‍ശന നിലപാട് തന്നെ. മോദിയുടെ മുന്‍കാല നാടകീയതകളെ ഒക്കെ പിന്നിലേക്ക് തള്ളുന്നതായിരുന്നു ജൂലൈ മാസത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ പ്രസംഗത്തിന് ശേഷം രാഹുല്‍ പ്രദര്‍ശിപ്പിച്ചത്. തന്റെ പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ച അദ്ദേഹം പ്രസംഗത്തിന് ശേഷം മോദിയുടെ സമീപത്തെത്തി ആശ്ലേഷിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്തു. നാടകീയതകളുടെ ആശാനായ മോദി പോലും ഈ നീക്കത്തില്‍ ഒരു നിമിഷം പതറിപ്പോയി. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പ്രതിപക്ഷം മുട്ടുമടക്കിയെങ്കിലും തന്റെ ഒറ്റ നീക്കത്തിലൂടെ മാധ്യമ ചര്‍ച്ചകളുടെയും സാമൂഹ്യ മാധ്യമങ്ങളിലും കേന്ദ്ര ബിന്ദുവാകാന്‍ രാഹുലിന് സാധിച്ചു.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും രാഹുലിന്റെ നയതന്ത്രജ്ഞത ശ്രദ്ധിക്കപ്പെട്ടു. വിവിധ ആശങ്ങള്‍ മുന്നോട്ടുവെക്കുന്ന പാര്‍ട്ടികളെ ബി.ജെ.പിക്കെതിരെ ഒന്നിച്ചുനിര്‍ത്താനും നേതാക്കളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനും കഴിയുക എന്നത് ചെറിയ കാര്യമല്ല. ഇത്തവണത്തെ പാര്‍ലമെന്റ് സമ്മേളനം മുന്‍കാലങ്ങളിലേതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ രാഹുല്‍ ബി.ജെ.പിക്ക് നല്‍കിയത്. പാര്‍ലമെന്റ് കാണാനിരിക്കുന്നത് മറ്റൊരു പ്രതിപക്ഷത്തെയാണ് ഒപ്പം കരുത്തനായ രാഹുല്‍ ഗാന്ധിയെയും. അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ മോദിയുടെ പ്രഭാവം മങ്ങുന്നു എന്നു തന്നെയാണ് അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ കെല്‍പ്പുള്ള സുശക്തനായ നേതാവായി രാഹുല്‍ മാറിയിരിക്കുന്നു. കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുമ്പോള്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഉദിച്ചുയര്‍ന്ന് രാഹുല്‍ നക്ഷത്രം
Tags: modi-rahul