X
    Categories: MoreViews

വെറുതെ പറഞ്ഞാല്‍ പോരാ, പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാവണം – രാഹുല്‍ ഗാന്ധി

ബിദര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ മാത്രം പോരാ അവ നടപ്പിലാക്കുക കൂടി ചെയ്യേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാകണമെന്നും ഔദാറില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

‘പ്രധാനമന്ത്രിയുടെ വായയില്‍ നിന്ന് പുറത്തുവരുന്ന വാക്കുകളില്‍ സത്യമുണ്ടാവണം. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ബലവുമുണ്ടാവണം.’

‘പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞിരുന്നു. അദ്ദേഹം അത് ചെയ്‌തോ? ഓരോ വര്‍ഷവും യുവാക്കള്‍ക്ക് രണ്ട് കോടി ജോലികള്‍ നല്‍കുമെന്ന് പറഞ്ഞു. അത് ചെയ്‌തോ? കര്‍ഷകര്‍ക്ക് ഉയര്‍ന്ന താങ്ങുവില നല്‍കുമെന്ന് മോദി പറഞ്ഞു. പക്ഷേ, ഇതൊന്നും അദ്ദേഹം ചെയ്തില്ല.’

‘പിന്നെ അദ്ദേഹം എന്താണ് ചെയ്യുന്നത്? 15 പേരെ മാത്രമാണ് മോദി സഹായിക്കുന്നത്. റെഡ്ഡി സഹോദരന്മാരെ അദ്ദേഹം സഹായിക്കുന്നു. അവരെ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.’ – കര്‍ണാടകയെയും അവിടത്തെ കര്‍ഷകരെയും യുവാക്കളെയും പറ്റി സംസാരിക്കാന്‍ മോദിക്ക് ഒന്നുമില്ലെന്നും അതുകൊണ്ടാണ് തനിക്കു നേരെ വ്യക്തിപരമായ ആക്രമണം നടത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘മോദിജിക്ക് ഈ തെരഞ്ഞെടുപ്പില്‍ സംസാരിക്കാന്‍ ഒന്നുമില്ല. കര്‍ഷകരെ പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിനാവില്ല. കാരണം, കടങ്ങള്‍ എഴുതിത്തള്ളുകയോ ഉയര്‍ന്ന താങ്ങുവില പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. വിദ്യാഭ്യാസത്തെയോ ആരോഗ്യ രംഗത്തെയോ വികസന വിഷയങ്ങളെയോ പറ്റി സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. കാരണം, ഈ മേഖലകളിലെല്ലാം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹം എന്നെ ആക്രമിക്കുന്നതില്‍ അഭയം കണ്ടെത്തുന്നത്. പക്ഷേ, ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഒട്ടും ചേര്‍ന്നതല്ല.’ രാഹുല്‍ പറഞ്ഞു.

നീരവ് മോദി രാജ്യം വിട്ടപ്പോള്‍ നരേന്ദ്ര മോദി മൗനം പാലിച്ചത് എന്തു കൊണ്ടാണെന്നും ജി.എസ്.ടി കൊണ്ട് രാജ്യം വലയുമ്പോള്‍ അമിത് ഷായുടെ മകന്‍ മാത്രം കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയത് എങ്ങനെയെന്നും രാഹുല്‍ ചോദിച്ചു. ‘എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദിക്ക് കഴിയുന്നില്ല; അതുകൊണ്ടാണ് അദ്ദേഹം എന്നെ പരിഹസിച്ചു കൊണ്ടിരിക്കുന്നത്.’ രാഹുല്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: