ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദി എം.എല്‍.എ നല്‍കിയ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതിയുടെ സമന്‍സ്. പേരില്‍ ‘മോദി’യുള്ളവരെല്ലാം കള്ളന്മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് പൂര്‍ണേഷ് മോദി കേസ് നല്‍കിയത്. ജൂലൈ 16ന് രാഹുല്‍ ഗാന്ധി സൂറത്ത് കോടതിയില്‍ ഹാജരാകണം.
കര്‍ണാടകയിലെ കോളാറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദപരാമര്‍ശം. ഇതേ പരാമര്‍ശത്തിന് ബിഹാര്‍ ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ പട്‌ന കോടതി നേരെത്തെ രാഹുലിന് ജാമ്യം നല്‍കിയിരുന്നു. ഏപ്രില്‍ പതിമൂന്നിന് നടത്തിയ പ്രസംഗത്തില്‍ നീരവ് മോദിയെയും ലളിത് മോദിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പേരെടുത്താണ് രാഹുല്‍ വിമര്‍ശിച്ചത്.
‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.