ചെന്നൈ: ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളജില്‍ വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളില്‍ സംവദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംവാദത്തില്‍ റഫാലും അഴിമതിയുമെല്ലാം വിഷയമായി. ടീഷര്‍ട്ടും ജീന്‍സും ധരിച്ചായിരുന്നു രാഹുലിന്റെ വരവ്. ഇത് വിദ്യാര്‍ത്ഥികളുള്‍പ്പെടെ എല്ലാവരിലും കൗതുകമുണര്‍ത്തി. വിദ്യാര്‍ഥികളോട് തന്നെ ‘സര്‍’ എന്നല്ല രാഹുല്‍ എന്നു തന്നെ സംബോധന ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഉന്നത വിദ്യഭ്യാസ മേഖലയില്‍ കൂടുതല്‍ തുക ആവശ്യമുള്ളതിനെക്കുറിച്ച് രാഹുല്‍ സംവദിച്ചു. ഉന്നത വിദ്യഭ്യാസ മേഖലയില്‍ കൂടുതല്‍ തുക ആവശ്യമാണ്. ആറ് ശതമാനമായി ഇത് ഉയര്‍ത്തുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൂടുതല്‍ മികച്ചതായി ഉണ്ടാവണം. അവയെ സ്വകാര്യ സ്ഥാപനങ്ങള്‍ മാതൃകയാക്കുന്ന തരത്തിലേക്ക് വിദ്യഭ്യാസ രംഗം മാറണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഉത്തരേന്ത്യയെക്കാള്‍ സ്ത്രീ സുരക്ഷയും സമത്വവും ഉള്ളത് ദക്ഷിണേന്ത്യയിലാണ്. പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കുന്നു. റഫാല്‍ ഇടപാടില്‍ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ല. പ്രധാനമന്ത്രിയും റോബര്‍ട്ട് വാദ്രയും എല്ലാം അന്വേഷണ പരിധിയില്‍ വരട്ടെ. ഒരു തവണയെങ്കിലും റഫാലിനെ കുറിച്ച് മോദി സംസാരിച്ചിട്ടുണ്ടോ. എപ്പോഴെങ്കിലും പ്രധാനമന്ത്രിയെ ഇതു പോലെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ. ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടോ. ഭരണം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. അഴിമതിയാണ് രാജ്യത്തെ പിന്നാക്കം കൊണ്ടു പോകുന്നത്. രാജ്യാന്തര തലത്തില്‍ സ്ഥാനമുണ്ടാക്കിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കണമെന്നും രാഹുല്‍ പറഞ്ഞു. യു.പി.എ ഭരിച്ചിരുന്ന കാലത്ത് കശ്മീരിലെ തീവ്രവാദം അവസാനിപ്പിച്ചു. നരേന്ദ്ര മോദി വന്നതിന് ശേഷം വീണ്ടും കശ്മീര്‍ പഴയ പോലെയായി. ഒരവസരം ലഭിച്ചാല്‍ ഇന്ത്യയില്‍ തീവ്രവാദം നടത്താന്‍ അവര്‍ ശ്രമിക്കും. അത് ഇല്ലാതാക്കുകയാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ നിന്നും ഇന്ന് വൈകീട്ടോടെ തൃശൂരിലെത്തുന്ന രാഹുല്‍ നാളെ കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.
വ്യാഴാഴ്ച്ച തൃപ്രയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കും. അതിനുശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ബന്ധുക്കളെ കാണും. അവിടെനിന്നും ഹെലികോപ്റ്ററില്‍ കാസര്‍കോട്ടേക്ക് പോകും. പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.
നാളെ വൈകുന്നേരം കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് കടപ്പുറത്തെ റാലിയില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും. കോഴിക്കോട് റാലിയോടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമാകും.