X

കേരളം രാജ്യത്തിനാകെ മാതൃക; ആര്‍.എസ്.എസിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

സംഘപരിവാര്‍ നയങ്ങള്‍ക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പത്തനാപുരത്തെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിലൂടെ ഒരു ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളോട് അങ്ങനെയല്ല സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. അക്രമം കോണ്‍ഗ്രസിന്റെ രീതിയല്ല മറിച്ച് സംഘ്പരിവാര്‍ ആശയത്തിനെതിരെ ഞങ്ങള്‍ പോരാടും. അതിലൂടെ നിങ്ങളുടെ ആശയം തെറ്റാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തും. ജനങ്ങളുടെ ശബ്ദത്താല്‍ തെരഞ്ഞെടുപ്പില്‍ നിങ്ങളെ തോല്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് ഒരിക്കലും രാജ്യത്ത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഒരു വ്യക്തിയോ ഒരു ആശയമോ അല്ല ഇന്ത്യയെ ഭരിക്കേണ്ടത്. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആര്‍ഡഎസ്എസിന്റെ ശബ്ദം മാത്രമെ എല്ലാവരും കേള്‍ക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്.

കേരളം രാജ്യത്തിനാകെ മാതൃകയാണ്. സഹിഷ്ണുതയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു

chandrika: