പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം രാഹുല്‍ ഗാന്ധി പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഗുരുതര വീഴ്ചയെന്ന് കുറ്റപ്പെടുത്തി കാശ്മീരിലെ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്ത് വന്നത്. വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്നും അദ്ദേഹം ഒരു സ്വകാര്യ പോര്‍ട്ടലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജവാന്മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് വിമാനം ആവശ്യപ്പെട്ടു. പക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അത് നിരസിക്കുകയായിരുന്നു. ജവാന്മാര്‍ പോകുന്ന മാര്‍ഗം സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായില്ല.
വീഴ്ചകള്‍ ആക്രമണം നടന്ന ഉടന്‍തന്നെ മോദിയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ എല്ലാം മറച്ചുവെക്കണമെന്നും ആരോടും പറയരുതെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ദോവലും ഇതുതന്നെയാണ് നിര്‍ദ്ദേശിച്ചത്. പാക്കിസ്ഥാനെ പഴിച്ച് ബിജെപിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് തനിക്ക് മനസ്സിലായി എന്നും അദ്ദേഹം പറഞ്ഞു.