തൂത്തുകുടി: തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വെടിവെപ്പിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന്‍ രജനീകാന്തും രംഗത്തെത്തി. തൂത്തുകുടിയിലെ വെടിവെപ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്നും നീതിക്ക് വേണ്ടി പോരാടിയതിനാണ് സര്‍ക്കാര്‍ ഒമ്പത് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും രാഹുല്‍ ആരോപിച്ചു.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രജനീകാന്ത് പറഞ്ഞു.
തമിഴ്‌നാട്ടിലെ തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും പരിക്കേറ്റിട്ടുണ്ട്. തൂത്തുകുടിയില്‍ പ്രവര്‍ത്തിക്കുന്ന വേദാന്ത സ്റ്റെര്‍ലൈറ്റ് കോപ്പര്‍ നിര്‍മാണ് യൂണിറ്റിനെതിരായ സമരമാണ് വെടിവെപ്പില്‍ കലാശിച്ചത്.