ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ രാജസ്ഥാനില്‍ വെച്ച് നടന്ന മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
താനൊരു ഹിന്ദുവാണ് ഹിന്ദുത്വവാദിയല്ലെന്നും ഈ രാജ്യം ഹിന്ദുക്കളുടേതാണ് ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധി ഹിന്ദുവാണ് എന്നാല്‍ ഗോഡ്‌സെ ഹിന്ദുത്വവാദിയാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.
ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുവെന്നും എല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഹിന്ദുത്വവാദികള്‍ക്ക് അധികാരം വേണമെന്ന് മാത്രമാണ് ചിന്തയെന്നും എന്നാല്‍ അവര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
‘ഒരിക്കലും ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ കഴിയില്ല, ഇത് 3000 വര്‍ഷത്തിനിടയില്‍ ഒരിക്കലും നടന്നിട്ടില്ല. കാരണം ആരെയും ഞങ്ങള്‍ ഭയപ്പെടുന്നില്ല. മരിക്കാന്‍ പോലും ഞങ്ങള്‍ ഭയപ്പെടുന്നില്ല,’ രാഹുല്‍ പറഞ്ഞു.
ജീവിതകാലം മുഴുവന്‍ അധികാരം നേടുന്നതിനായാണ് ഹിന്ദുത്വവാദികള്‍ ചെലവഴിക്കുന്നതെന്നും അധികാരമല്ലാതെ അവര്‍ക്ക് മറ്റൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.