X
    Categories: CultureNewsViews

‘രാഹുല്‍ ഗാന്ധിയുടെ രാജി ഒളിക്കാനല്ല കുതിക്കാനാണ്’ രാജിക്കത്തിന്റെ പൂര്‍ണരൂപം

കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്. ആ പാര്‍ട്ടിയുടെ മൂല്യങ്ങളും ആദര്‍ശങ്ങളുമാണ് നമ്മുടെ മനോഹരമായ രാഷട്രത്തിന്‍റെ ജീവരക്തമായിരിക്കുന്നത്. രാഷ്ട്രത്തോടും എന്‍റെ സംഘടനയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. അങ്ങേയറ്റം കൃതജ്ഞതയും സ്നേഹവും എനിക്കുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെന്ന നിലയില്‍ 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി ഞാനാണ്.ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അതാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഞാന്‍ രാജിവയ്ക്കാനുള്ള കാരണം.

പാര്‍ട്ടിയുടെ നവീകരണത്തിനായി കഠിനമായ പല തീരുമാനങ്ങളും സ്വീകരിക്കേണ്ടി വരും. 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം നിരവധി പേര്‍ക്ക് ഉണ്ടായിരിക്കുകയും ചെയ്യും. മറ്റുള്ളവരെ ഉത്തരവാദികളാക്കി ഞാന്‍ മാത്രം ഒഴിഞ്ഞുമാറുന്നത് ന്യായീകരണമില്ലാത്ത കാര്യമായിപ്പോവും.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ ഞാന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് എന്‍റെ നിരവധി സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയൊരാള്‍ വേണം എന്നത് പ്രാധാന്യമുള്ള കാര്യമാണെങ്കിലും ഞാനൊരാളെ തെരഞ്ഞെടുക്കുന്നത് ശരിയാവില്ല. പ്രൗഢമായ ചരിത്രവും പാരമ്പര്യവുമുള്ള പാര്‍ട്ടിയാണ് നമ്മുടേത്. അതിന്‍റെ പോരാട്ടങ്ങളെയും അന്തസ്സിനെയും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതേ പാര്‍ട്ടിയാലാണ് ഇന്ത്യയുടെ ഇഴയും പാവും തുന്നിച്ചേര്‍ത്തിരിക്കുന്നത്. ധൈര്യത്തോടെ, സ്നേഹത്തോടെ, ആത്മാര്‍ഥതയോടെ നമ്മളെ നയിക്കാന്‍ കഴിയുന്ന ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

രാജിവച്ചതിന് തൊട്ടുപിന്നാലെ എനിക്ക് എന്‍റെ സഹപ്രവര്‍ത്തകരോട് പറയാനുള്ളത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരണമെന്നും എല്ലാവരും ചേര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നുമാണ്. എന്‍റെ എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും അവര്‍ക്കുണ്ടാവും.

കേവലം രാഷ്ട്രീയ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടമല്ല എന്‍റേത്. ബിജെപിയോട് വിദ്വേഷമോ ദേഷ്യമോ എനിക്ക് ഇല്ല. പക്ഷേ, അവര്‍ മുന്നോട്ട് വയ്ക്കുന്ന ഇന്ത്യ എന്ന ആശയത്തെ എന്‍റെ ശരീരത്തിലെ ഓരോ ജീവകോശവും പ്രതിരോധിക്കുകയാണ്. അവരുടെ ആശയങ്ങളോട് നേരിട്ട് സംഘര്‍ഷത്തിലായിരിക്കുന്ന ഇന്ത്യന്‍ ആശയമാണ് എന്നിലെങ്ങും വ്യാപിച്ചിരിക്കുന്നത്. ഇതൊരു പുതിയ പോരാട്ടമല്ല; ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ മണ്ണില്‍ അടിയുറച്ചുപോയ ഒന്നാണ്. അവര്‍ ഭിന്നത കാണുന്നിടത്ത് ഞാന്‍ ഐക്യം കാണുന്നു, അവര്‍ വിദ്വേഷം കാണുന്നിടത്ത് ഞാന്‍ സ്നേഹം കാണുന്നു, അവരെന്തിനെയാണോ ഭയക്കുന്നത് അതിനെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു.

ഈ കരുണാര്‍ദ്രമായ ആശയം കോടിക്കണക്കിന് വരുന്ന നമ്മുടെ സഹപൗരന്മാരുടെ ഹൃദയങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതാണ്. ഈ വികാരതീവ്രമായ ആശയം കൊണ്ടാണ് നാം ഇപ്പോള്‍ പ്രതിരോധിക്കേണ്ടത്.

നമ്മുടെ രാജ്യത്തിനും ഭരണഘടനയ്ക്കുമെതിരായ ആക്രമണം രാജ്യത്തിന്‍റെ അടിസ്ഥാനഘടനയെത്തന്നെ തകര്‍ക്കാന്‍ ഉദ്ദ്യേശിച്ചുള്ളതാണ്. ഏതെങ്കിലും വിധത്തില്‍ ഞാനീ പോരാട്ടത്തില്‍ നിന്ന് പിന്‍മാറുകയല്ല. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വസ്തനായ പോരാളിയും ഇന്ത്യയുടെ പുത്രനുമായിരിക്കും. അവസാനശ്വാസം വരെയും ഇന്ത്യയെ സംരക്ഷിക്കുകയും ഇന്ത്യക്ക് വേണ്ടി പോരാടുകയും ചെയ്യും.

ശക്തവും അന്തസ്സുറ്റതുമായ പോരാട്ടമാണ് തെര‍ഞ്ഞെടുപ്പില്‍ നമ്മള്‍ കാഴ്ചവച്ചത്. സാഹോദര്യത്തോട് കൂടിയതും ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളോടും ജാതി-മതവിഭാഗങ്ങളോടും സഹിഷ്ണുതയും ബഹുമാനവും പുലര്‍ത്തിയുള്ളതായിരുന്നു നമ്മുടെ പ്രചാരണം. പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും അവര്‍ പിടിച്ചടക്കിയ വ്യവസ്ഥകള്‍ക്കുമെതിരെ ഞാന്‍ എന്നാലാവും വിധം പോരാടി. ഇന്ത്യയെ സ്നേഹിക്കുന്നത് കൊണ്ടായിരുന്നു അത്. ആ നേരങ്ങളില്‍ ഞാന്‍ ഏകാകിയും അതിലേറ്റവും അഭിമാനമുള്ളവനും ആയിരുന്നു. നമ്മുടെ പാര്‍ട്ടിപ്രവര്‍ത്തകരുടെയും അണികളുടെയും ആത്മാര്‍ഥതയില്‍ നിന്നും ഊര്‍ജത്തില്‍ നിന്നും ഞ‌ാനൊരുപാട് പഠിച്ചു.

ഒരു രാജ്യത്തെ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയ്ക്ക് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആവശ്യമാണ്. സ്വതന്ത്രമാധ്യമം, നിയന്ത്രണങ്ങളില്ലാത്ത നീതിന്യായവ്യവസ്ഥ,സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയൊന്നുമില്ലാതെ ഒരു തെരഞ്ഞെടുപ്പും നീതിയുക്തമാവില്ല. സാമ്പത്തിക വിഭവശേഷിയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി ആധിപത്യം സ്ഥാപിച്ചിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് സ്വതന്ത്രമാവില്ല.

ആര്‍എസ്എസിന്‍റെ വ്യവസ്ഥാപിത ലക്ഷ്യങ്ങളും രാജ്യത്തെ വിവിധ സ്ഥാപനങ്ങള്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു. നമ്മുടെ ജനാധിപത്യം ഇപ്പോള്‍ ദുര്‍ബലമാണ്. തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്ന നിര്‍ണായക ഘടകം എന്നതില്‍ നിന്ന് വെറുമൊരു ആചാരം എന്ന രീതിയിലേക്ക് മാറുന്ന അപകടമാണ് നമ്മളെ കാത്തിരിക്കുന്നത്.

ഈ അധികാരം പിടിച്ചടക്കല്‍ സങ്കല്‍പ്പക്കാനാവാത്ത വിധമുള്ള അക്രമങ്ങളും വേദനയുമാണ് ഇന്ത്യക്ക് സമ്മാനിക്കുക. കര്‍ഷകര്‍, തൊഴില്‍രഹിതരായ യുവത്വം, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെല്ലാം അങ്ങേയറ്റം ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരും. പ്രധാനമന്ത്രിയുടെ വിജയം അദ്ദേഹത്തിനെതിരായ അഴിമതിയാരോപണങ്ങളെ ഇല്ലാതാക്കില്ല. സത്യത്തിന്‍റെ വെളിച്ചത്തെ തടഞ്ഞുവയ്ക്കാന്‍ പണത്തിനും സംഘടിതമായ ആശയപ്രചാരണങ്ങള്‍ക്കും കഴിയില്ല.

നമ്മുടെ രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളൊന്നിക്കേണ്ടതുണ്ട്. അതിനുള്ള ഉപകരണമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഈ അതിപ്രധാനദൗത്യം പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയമേ നവീകരിക്കേണ്ടതുണ്ട്. ഇന്ന് ബിജെപി ഇന്ത്യന്‍ ജനതയുടെ ശബ്ദത്തെ അടിച്ചമര്‍ത്തുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടമയാണ്. ഇന്ത്യ ഒരിക്കലും ഒരു സ്വരം മാത്രമായി മാറരുത്. അത് എല്ലായ്പ്പോഴും ബഹുസ്വരമായിരിക്കണം. അതാണ് ഭാരതമാതാവിന്‍റെ സ്വത്വം.

എന്നെ പിന്തുണച്ച എല്ലാ ഇന്ത്യക്കാര്‍ക്കും നന്ദി. കോണ്‍ഗ്രസ് ആശയങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് ഞാനിനിയും തുടരും. പാര്‍ട്ടിക്ക് ആവശ്യമുള്ളപ്പോഴൊക്കെ എന്‍റെ സേവനം ലഭ്യമായിരിക്കും. കോണ്‍ഗ്രസ് ആദര്‍ശത്തെ പിന്തുണയ്ക്കുന്നവരോട്, പ്രത്യേകിച്ച് അതിന്‍റെ അര്‍പ്പണമനോഭാവമുള്ള പ്രവര്‍ത്തകരോട്, എനിക്ക് നമ്മുടെ ഭാവിയില്‍ പൂര്‍ണ വിശ്വാസവമുണ്ട്. ആരും അധികാരം ത്യജിക്കാതിരിക്കുകയും അധികാരത്തില്‍ നിന്ന് അധികാരത്തിലേക്ക് കടിച്ചുതൂങ്ങുകയും ചെയ്യുന്നത് ഇന്ത്യയില്‍ ശീലമായിരിക്കുന്നു. പക്ഷേ, അധികാരതൃഷ്ണ ത്യജിക്കാതെ നമുക്ക് ആശയസമരങ്ങളില്‍ പങ്കെടുക്കാനോ എതിരാളികളെ പരാജയപ്പെടുത്താനോ കഴിയില്ല. ഞാന്‍ ജനിച്ചത് കോണ്‍ഗ്രസുകാരനായാണ്. ഈ പാര്‍ട്ടി എല്ലായ്പ്പോഴും എന്നോടൊപ്പമുണ്ടായിരിക്കും. അതെന്‍റെ ജീവരക്തമാണ്, അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും.

ജയ് ഹിന്ദ്
ഒപ്പ്
രാഹുല്‍ ഗാന്ധി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: